സംസ്ഥാനത്ത് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രങ്ങളുടെ എണ്ണത്തിൽ മലപ്പുറത്തിന് മൂന്നാം സ്ഥാനം. ടൂറിസം വകുപ്പിന്റെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ജില്ലയിലെ 50 സ്ഥലങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്.
നിലവിൽ അംഗീകരിക്കപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളും സഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രങ്ങളും ഉൾപ്പെട്ടതാണ് പട്ടിക. സംസ്ഥാനത്ത് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രങ്ങളുള്ളത് തിരുവനന്തപുരത്താണ്– 65 കേന്ദ്രങ്ങൾ. രണ്ടാം സ്ഥാനത്ത് 54 വീതം കേന്ദ്രങ്ങളുള്ള ഇടുക്കിയും പാലക്കാടുമാണ്.
വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മലപ്പുറം കോട്ടക്കുന്ന്, നിലമ്പൂർ തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, നെടുങ്കയം, ആഢ്യൻപാറ വെള്ളച്ചാട്ടം, കോഴിപ്പാറ, കേരളംകുണ്ട് വെള്ളച്ചാട്ടം,. പടിഞ്ഞാറേക്കര ബീച്ച്, വാക്കാട് ബീച്ച്, പരപ്പനങ്ങാടി ബീച്ച്, കൊടികുത്തിമല, കക്കാടംപൊയിൽ, അരിമ്പ്ര ഹിൽസ്, തുഞ്ചൻ സ്‌മാരകം, തിരുനാവായ, ബിയ്യംകായൽ, കടലുണ്ടി പക്ഷി സങ്കേതം, കോട്ടയ്ക്കൽ ആര്യവൈദ്യശാല, അരുവക്കോട് കളിമൺ ഗ്രാമം എന്നിവ മലപ്പുറം ഡിടിപിസിയുടെ കീഴിലാണ്. ഇതിൽ കോഴിപ്പാറ, ബംഗ്ലാംകുന്ന്, കനോലി പ്ലോട്ട്, നെടുങ്കയം, കൊടികുത്തിമല എന്നിവ വനംവകുപ്പിന്റെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്.
മറ്റുള്ളവയാണ് ടൂറിസം വകുപ്പിന്റെ നിരീക്ഷണത്തിലും നിയന്ത്രണത്തിലും ഉള്ളത്. ജില്ലയിൽ വിനോദ സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്ന സ്ഥലങ്ങളുടെ കൂട്ടത്തിൽ സാധാരണ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് പുറമേ കൊടപ്പനയ്‌ക്കൽ തറവാടും, ഏലംകുളം മനയും എടശ്ശേരി സ്ക്വയറും പൂന്താനം ഇല്ലവും നിലമ്പൂർ കോവിലകവും ഞെരളത്ത് കലാശ്രമവും തൂതപ്പുഴയും, ചെറുകാട് സ്‌മാരകവും വള്ളത്തോൾ സ്‌മാരകവും മേൽപ്പത്തൂർ മണ്ഡപവും ഉണ്ട്. വെള്ളച്ചാട്ടങ്ങളും ബീച്ചുകളും മലകളും പാർക്കുകളും പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.
അതേസമയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വരുമാനമുള്ളത് മൂന്നിടത്ത് മാത്രമെന്നും നിലമ്പൂർ തേക്ക് മ്യൂസിയം, കടലുണ്ടി പക്ഷി നിരീക്ഷണ കേന്ദ്രം, നെടുങ്കയം റെയ്ൻ ഫോറസ്റ്റ് എന്നിവിടങ്ങളിൽ മാത്രമാണ് ടിക്കറ്റ് ഈടാക്കുന്നതെന്നു വിവരാവകാശ രേഖ പറയുന്നുണ്ടെങ്കിലും കൊടികുത്തിമലയും കോട്ടക്കുന്നും ഉൾപ്പെടെ 12 വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ജില്ലയിൽ പ്രവേശന ഫീസ് ഈടാക്കുന്നുണ്ട്.



