ബലിപെരുന്നാൾ: വാണിയംകുളം ചന്തയിൽ കോടികളുടെ കച്ചവടം; താരമായി 10 ലക്ഷത്തിന്റെ ഭീമൻ പോത്ത്


 വാണിയംകുളം : ബലിപെരുന്നാൾ വിപണി ലക്ഷ്യമിട്ട് സംസ്ഥാനത്തെ പ്രമുഖ കന്നുകാലിച്ചന്തകളിലൊന്നായ വാണിയംകുളത്ത് റെക്കോർഡ് കച്ചവടം. കഴിഞ്ഞ ദിവസങ്ങളിലായി കോടിക്കണക്കിന് രൂപയുടെ കന്നുകാലിക്കച്ചവടമാണ് ഇവിടെ നടന്നത്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് കന്നുകാലികളുടെ വരവ് വർദ്ധിച്ചതോടെ ആവശ്യക്കാരുടെ വൻ തിരക്കാണ് ചന്തയിൽ അനുഭവപ്പെടുന്നത്.

​സാധാരണ ദിവസങ്ങളിൽ 35 ലോഡ് കന്നുകാലികൾ എത്തിയിരുന്ന സ്ഥാനത്ത് പെരുന്നാൾ പ്രമാണിച്ചു 63 ലോഡ് വരെയാണ് ചന്തയിലെത്തിയത്. ആന്ധ്ര, തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് ഇത്തവണ കൂടുതൽ കന്നുകാലികളെ എത്തിച്ചിട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, തൃശൂർ തുടങ്ങിയ ജില്ലകളിൽ നിന്നുള്ള വ്യാപാരികളും പൊതുജനങ്ങളുമാണ് കച്ചവടത്തിനായി ചന്തയിൽ പ്രധാനമായും എത്തിയത്. കഴിഞ്ഞ പെരുന്നാൾ സീസണിൽ കച്ചവടം കുറവായിരുന്നെങ്കിൽ ഇത്തവണ വിപണി സജീവമാണ്. വരും ദിവസങ്ങളിലെ തിങ്കൾ, ബുധൻ ഇടച്ചന്തകളിലും വലിയ തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്.

ചന്തയിലെ താരം 3000 കിലോയുടെ 'മുറ' പോത്ത്

​ഇത്തവണത്തെ വാണിയംകുളം ചന്തയിലെ പ്രധാന ആകർഷണം നെല്ലിക്കുറിശ്ശി സ്വദേശിയായ ഷഫീർ വിൽപനയ്‌ക്കെത്തിച്ച ഭീമൻ പോത്താണ്. മഹാരാഷ്ട്രയിൽ നിന്നും മൂന്ന് ദിവസം മുൻപ് എത്തിച്ച മുറഇനത്തിൽപെട്ട ഈ പോത്തിന് 10 ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്.

​ഏകദേശം 3000 കിലോയിലധികം തൂക്കമുള്ള ഈ ഭീമൻ പോത്തിനെ കാണാൻ മാത്രം നിരവധി ആളുകളാണ് ചന്തയിലേക്ക് ഒഴുകിയെത്തുന്നത്. കച്ചവടക്കാർ ഇതിനോടകം തന്നെ 8 ലക്ഷം രൂപ വരെ വിലപറഞ്ഞെങ്കിലും ഉടമ വിട്ടുനൽകാൻ തയ്യാറായിട്ടില്ല. ചന്തയിലെ കൗതുകക്കാഴ്ചയായി മാറിയിരിക്കുകയാണ് ഈ അരുമ.

Post a Comment

Previous Post Next Post