അഖില മലങ്കര മർത്തമറിയം വനിതാസമാജത്തിൻ്റെ ദേശീയ വാർഷിക സമ്മേളനം സമാപിച്ചു
വേങ്ങൂർ :മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ അഖില മലങ്കര മർത്തമറിയം വനിതാസമാജത്തിൻ്റെ ദേശീയ വാർഷിക സമ്മേളനവും സമാജാംഗങ്ങളായ ജനപ്രതിനിധികളെ ആദരിക്കലും സംഘടിപ്പിച്ചു.
ശനിയാഴ്‌ച രാവിലെ അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലയിലെ വേങ്ങൂർ മോർ കൗമ യാക്കോബായ സുറിയാനി പള്ളിയിൽ വെച്ച് നടന്ന സമ്മേളനം ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ സമ്മേളനം ഉദ്ഘാടനം ചെയ്തു.
അഖില മലങ്കര വനിതാ സമാജം പ്രസിഡൻ്റ് മോർ പീലക്സീനോസ് സഖറിയാസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. ഡോ. മോർ സേവേറിയോസ് എബ്രാഹം വലിയ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. സിജു തോമസ് ആലഞ്ചേരി മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി.
സന്യാസിനി സമൂഹത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് നൽകുന്ന മിസ് കെ.കെ. മേരിക്കുട്ടി മെമ്മോറിയൽ എൻഡോവ്മെന്റ് വിതരണം മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്തയും യൂറോപ്പ് ഭദ്രാസന എക്‌സലൻസി അവാർഡ് വിതരണം ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയും നിർവഹിച്ചു.
മെത്രാപ്പോലീത്തമാരായ മോർ യൗസേബിയോസ് കുര്യാക്കോസ്, മോർ യൂലിയോസ് ഏലിയാസ്, മോർ അത്താനാസിയോസ് ഏലിയാസ് എന്നിവർ അനുഗ്രഹ സന്ദേങ്ങൾ നൽകി. വൈദികരും വിവിധ രാഷ്ട്രീയ, സംഘടന ഭാരവാഹികളും ആശംസകൾ അർപ്പിച്ചു. തുടർന്ന് സമാജ അംഗങ്ങളായ ജനപ്രതിനിധികളെ ആദരിക്കൽ ചടങ്ങും കലാമൽസരങ്ങളിൽ വിജയികൾക്ക് സമ്മാനദാനവും നടത്തപ്പെട്ടു.
പള്ളി വികാരി ഫാ. ജോൺ ജോസഫ് പാത്തിക്കൽ, അഖില മലങ്കര മർത്തമറിയം വനിതാസമാജം വൈസ് പ്രസിഡൻ്റ് ഫാ. കുര്യാക്കോസ് കടവുംഭാഗം, അഖില മലങ്കര മർത്തമറിയം ഭാരവാഹികളായ ജനറൽ സെക്രട്ടറി ശുഭ ജോസഫ്, വനിതാ വൈസ് പ്രസിഡന്റ് ശലോമി ജോസ്, ജോ. സെക്രട്ടറി ഷൈനി കുര്യൻ, ട്രഷറർ ബിന്ദു ജെറാൾഡ് എന്നിവർ നേതൃത്വം നൽകി.



