സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടിക്ക് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വെള്ളിയാഴ്ച കൊച്ചി ഓഫിസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് കാണിച്ചാണ് ഇഡി സമന്‍സ് അയച്ചിരിക്കുന്നത്. വീണയ്ക്കും സിഎംആര്‍ംഎല്‍ ഉദ്യോഗസ്ഥര്‍ക്കും ഉള്‍പ്പെടെ 9 പേര്‍ക്കാണ് ഇപ്പോള്‍ ഇഡി സമന്‍സ് നല്‍കിയിരിക്കുന്നതെന്നാണ് വിവരം.
ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ സിഎംആര്‍എല്‍ തിരിച്ചടി നേരിടുകയും രേഖകള്‍ ഇ ഡിക്ക് കൈമാറണമെന്ന് ഹൈക്കോടതി പറയുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഇ ഡിയുടെ നടപടി. വീണ ടിയുടേത് ഉള്‍പ്പെടെയുള്ള വീടുകളിലും ഓഫിസുകളിലും നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത നിര്‍ണായക രേഖകള്‍ കൂടി വച്ചുകൊണ്ടാകും ഇ ഡി ചോദ്യങ്ങള്‍ ചോദിക്കുക. കേസില്‍ ഇ ഡി പരമാവധി രേഖകളും ഡിജിറ്റല്‍ വിവരങ്ങളും പണമിടപാട് സംബന്ധിച്ച രേഖകളും ശേഖരിച്ച് കഴിഞ്ഞെന്നാണ് പുറത്തുവരുന്ന വിവരം.



