യാക്കോബായ സുറിയാനി സഭയുടെ മുൻ ട്രസ്റ്റിയും , സെക്രട്ടറിയുമായബാറീത്തോ കാശീറോ ജോർജ് മാത്യു തെക്കേത്തലയ്ക്കൽ അന്തരിച്ചു.
കൊച്ചി: മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ മുൻ ട്രസ്റ്റിയും സെക്രട്ടറിയുമായ ബാറീത്തോ കാശീറോ ജോർജ് മാത്യു തെക്കേത്തലയ്ക്കൽ (ജീമോൻ-70) അന്തരിച്ചു.ചികിത്സയിൽ കഴിയുന്നതിനിടെ വെല്ലൂർ സി.എം.സി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.മൃതദേഹം ഞായറാഴ്ച വൈകുന്നേരം എറണാകുളം ഗിരിനഗറിലെ വസതിയിൽ കൊണ്ടുവരുംയാക്കോബായ സുറിയാനി സഭയുടെ സെക്രട്ടറിയും ട്രസ്റ്റിയുമായിരുന്ന കമാൻഡർ ടി.പി. മാത്യുവിന്റെ പുത്രനായ ജോർജ് മാത്യു തെക്കേത്തലയ്ക്കലിനെ 1999-ൽ പുത്തൻകുരിശിൽ ചേർന്ന അഖില മലങ്കര പള്ളി പ്രതിനിധി യോഗം അൽമായ ട്രസ്റ്റിയായി തിരഞ്ഞെടുത്തിരുന്നു. 2012-ൽ സഭാ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ വലംകൈയായി സഭയുടെ വളർച്ചയ്ക്കും ഉന്നമനത്തിനുമായി ദീർഘകാലം പ്രവർത്തിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.എറണാകുളം എളംകുളം സെന്റ് മേരീസ് ജേക്കബൈറ്റ് സിറിയൻ കോൺഗ്രിഗേഷന്റെ പ്രസിഡന്റായി ദീർഘനാൾ പ്രവർത്തിച്ച അദ്ദേഹം, എളംകുളം സെന്റ് മേരീസ് സൂനോറോ കത്തീഡ്രൽ മനോഹരമായി പുതുക്കിപ്പണിയുന്നതിനും നേതൃത്വം നൽകി.കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന അഞ്ചേരിൽ ഏജൻസീസ്, ടി.പി.എം അസോസിയേറ്റ്സ് എന്നീ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടറായിരുന്നു.ഭാര്യ: അയ്മനം കോട്ടപറമ്പിൽ പരേതനായ എൻജിനീയർ കെ.പി. ജോണിന്റെ പുത്രി സുജ ജോർജ്.
മക്കൾ: ഏലിയാസ് മാത്യു, ജോൺ മാത്യു.
മരുമക്കൾ: പെരുവ വെട്ടുകാട്ടിൽ അഷിത ഏലിയാസ്, റാന്നി കണ്ണാടിയ്ക്കൽ (നോയൽ ബിൽഡേഴ്സ്) ചിത്തു ജോൺ.
കൊച്ചുമക്കൾ: മാത്യു, നോഹ്.
സംസ്കാരം മെയ് 18 ന് തിങ്കളാഴ്ച വൈകുന്നേരം എളംകുളം സെന്റ് മേരീസ് സൂനോറോ കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും.



