ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം ; കിടപ്പുരോഗികളായ ദമ്പതികള്‍ക്ക് പരിക്ക്


 ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രത്തിന് സമീപം ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കിടപ്പുരോഗികളായ ദമ്പതികൾക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. ആരോവീട്ടിൽ കുട്ടപ്പൻ (70), ഭാര്യ അംബിക (65) എന്നിവർക്കാണ് പരിക്കേറ്റത്. സംഭവസമയത്ത് ദമ്പതികൾ ഉറക്കത്തിലായിരുന്നു.


പൊട്ടിത്തെറിയെത്തുടർന്ന് വീടിനുള്ളിൽ തീ പടരുകയും മുറി മുഴുവൻ കനത്ത പുക നിറയുകയും ചെയ്‌തു. പുക ശ്വസിച്ച് ശ്വാസതടസ്സം നേരിട്ട ദമ്പതികളെ ഉടൻതന്നെ ആക്ട്സ് പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ തുടർചികിത്സയ്ക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വീടിന്റ ഭിത്തികൾക്ക് വിള്ളൽ സംഭവിച്ചിട്ടുണ്ട്. ജനൽ ചില്ലുകളും തകർന്നു. ഫ്രിഡ്‌ജ് പൂർണമായി കത്തി നശിച്ചു.


വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ പൂർണ്ണമായും അണച്ചു. ഫ്രിഡ്ജിലെ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post