അർജന്റീന -ഇംഗ്ലണ്ട് മത്സരത്തിനിടയിൽ പവ്വർക്കട്ട് പ്രഖ്യാപനം; കെ.എസ്.ഇ.ബി ഓഫീസ് ഉപരോധിച്ചു


 ലോക കപ്പിലെ അർജന്റീന -ഇംഗ്ലണ്ട് സെമിഫൈനൽ മത്സരത്തിനിടയിൽ കെ.എസ്.ഇ.ബിയുടെ പവ്വർക്കട്ട് പ്രഖ്യാപനം. ഇന്നലെ അർദ്ധരാത്രിയിൽ എരുമപ്പെട്ടിയിലെ കെ.എസ്.ഇ.ബി ഓഫീസ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഉപരോധിച്ചു. സംസ്ഥാന സർക്കാർ പവർകട്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായി കെ. എസ്.ഇ.ബി എരുമപ്പെട്ടി സെക്ഷന് കീഴിലുള്ള കടങ്ങോട് മേഖലയിൽ ഇന്ന് പുലർച്ചെ 12.42 മുതൽ 1.7 വരെ പവർകട്ട് പ്രഖ്യാപിച്ചിരുന്നു. 12.30 മുതലാണ് അർജന്റീന - ഇംഗ്ലണ്ട് സെമിഫൈനൽ മത്സരം ആരംഭിക്കുന്നത്. ഇതിനിടയിലാണ് കടങ്ങോട് മേഖലയിൽ 25 മിനിറ്റോളം സമയം പവർകട്ട് പ്രഖ്യാപിച്ചത്. കെ.എസ്.ഇ.ബി പൊതു ഗ്രൂപ്പിൽ അറിയിപ്പ് കണ്ടതിനെ തുടർന്ന് കടങ്ങോട് മേഖലയിലെ ഡി. വൈ.എഫ്.ഐ പ്രവർത്തകർ കെ.എസ്.ഇ.ബി ഓഫീസിലെത്തി പവർകട്ട് സമയം മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ ആദ്യം വിസമ്മതിച്ചു. തുടർന്നാണ് പ്രവർത്തകർ ഓഫീസിനുള്ളിൽ കയറി കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. സമരം ശക്തമായതിനെ തുടർന്ന് 12.45 ഓടെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പവർകട്ടിന്റെ സമയം മാറ്റാൻ നിർബന്ധിതരാവുകയായിരുന്നു. കളിയുടെ സമയത്ത് പവർകട്ട് ഉണ്ടാവുകയില്ല എന്ന് കെ.എസ്.ഇ.ബി അസിസ്റ്റൻ്റ് എഞ്ചിനീയർ ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. വിവരമറിഞ്ഞ് എരുമപ്പെട്ടി പോലീസും എത്തിയിരുന്നു.ലോക കപ്പ് മത്സരസമയത്ത് സംസ്ഥാന സർക്കാർ നടത്തുന്ന പവർകട്ട് കായികപ്രേമികളോടുള്ള വഞ്ചനയും വെല്ലുവിളിയും ആണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. സി.പി.ഐ.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.എച്ച്.ലാഷ്, കടങ്ങോട് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യു.വി.ഗിരീഷ്, ലോക്കൽ കമ്മിറ്റിയംഗം സി.വി. സുഭാഷ്, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി പി.ബി.വിഷ്‌ണു, പ്രസിഡന്റ് കെ.സി.നിമിൽ എന്നിവർ പ്രതിഷേധ

സമരത്തിന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post