തിരുവനന്തപുരം:മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ തിരുവനന്തപുരം മേഖല മെത്രാപ്പോലീത്തയും വൈദിക സെമിനാരി റസിഡന്റ് മെത്രാപ്പോലീത്തയും യൂറോപ്പ് ഭദ്രാസനാധിപനുമായ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്താ തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ തിരുവിതാംകൂർ രാജകുടുംബാംഗങ്ങളായ പൂയം തിരുനാൾ ഗൗരി പാർവ്വതിഭായി തമ്പുരാട്ടിയെയും പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിയെയും സന്ദർശിച്ച് കൂടിക്കാഴ്ച നടത്തി.
ശതാഭിഷിക്തയായ പൂയം തിരുനാൾ ഗൗരി പാർവ്വതിഭായി തമ്പുരാട്ടിയെ മെത്രാപ്പോലീത്താ പൊന്നാട അണിയിച്ച് ആദരിച്ചു. മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആശംസകളും പ്രാർത്ഥനാ മംഗളങ്ങളും നേർന്നു.
രാജകുടുംബവും യാക്കോബായ സഭയും തമ്മിലുള്ള പൗരാണികവും ചരിത്രപരവുമായ ബന്ധം കൂടിക്കാഴ്ചയിൽ അനുസ്മരിച്ചു. 1982-ൽ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ തലവൻ പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവയ്ക്കും ശ്രേഷ്ഠ കാതോലിക്കാ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ ബാവയ്ക്കും കവടിയാർ കൊട്ടാരത്തിൽ ശ്രീചിത്തിര തിരുനാൾ മഹാരാജാവും കാർത്തിക തിരുനാൾ തമ്പുരാട്ടിയും നൽകിയ സ്നേഹോഷ്മളമായ സ്വീകരണവും തമ്പുരാട്ടി അനുസ്മരിച്ചു.
മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയോട് രാജകുടുംബം പുലർത്തുന്ന സ്നേഹത്തിനും കരുതലിനും മെത്രാപ്പോലീത്താ നന്ദി അറിയിച്ചു. മതസൗഹാർദ്ദം കാത്തുസൂക്ഷിക്കുന്നതിലും സാമൂഹിക ഉന്നമനത്തിനും ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളിലും രാജകുടുംബം നടത്തിവരുന്ന ഇടപെടലുകളെയും അദ്ദേഹം പ്രകീർത്തിച്ചു.


