തിരൂർ: വിൽപ്പനയ്ക്കും ഉപയോഗത്തിനുമായി സൂക്ഷിച്ചിരുന്ന 13 ഗ്രാം എം.ഡി.എം.എയുമായി മണൽക്കടത്ത് കേസ് പ്രതിയെ തിരൂർ പോലീസ് പിടികൂടി. കൈമലശ്ശേരി ചെമ്മാല ഹൗസിൽ ഇബ്രാഹിംകുട്ടിയുടെ മകൻ നെധേറേഷ് (26) ആണ് പിടിയിലായത്.
ആലിങ്ങലിലെ വാടകവീട്ടിൽ നിന്നാണ് ഇയാളെ എം.ഡി.എം.എയുമായി പിടികൂടിയത്. അനധികൃത മണൽക്കടത്തിനായി ഇയാൾക്ക് നേരത്തെ നിരവധി വാഹനങ്ങൾ ഉണ്ടായിരുന്നതായും മണൽക്കടത്തുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ടായിരുന്നതായും പോലീസ് അറിയിച്ചു. ഇയാൾ ഇടയ്ക്കിടെ ബംഗളൂരുവിൽ പോയി വരാറുണ്ടായിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ തിരൂർ സബ് ജയിലിൽ റിമാൻഡ് ചെയ്തു.
തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ മിഥുൻ, അനുഷ, ഇക്ബാൻ, നസീർ തിരൂർക്കാട്, സി.പി.ഒമാരായ അനന്തു, ടോണി, ജൗഹർ, ബൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ലഹരിമാഫിയക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് തിരൂർ പോലീസ് അറിയിച്ചു


