രാജ്യത്തെ ടെലികോം സേവനങ്ങളിൽ 2024 ഡിസംബർ 1-ഓടെ മാറ്റങ്ങൾ വരുന്നു. നവംബർ 30ന് ശേഷം സ്വകാര്യ ടെലികോം നെറ്റ്‌വർക്കുകളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡോഫോൺ ഐഡിയ (വിഐ) എന്നിവയുടെ ചില ഉപഭോക്താക്കൾക്ക് ഒടിപി സേവനങ്ങൾ തടസപ്പെട്ടേക്കാം. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ മാനദണ്ഡങ്ങൾ പൂർത്തിയാക്കാൻ കമ്പനികൾക്ക് കഴിയാതെ വന്നാലാണ് ഈ പ്രതിസന്ധി രൂപപ്പെടുകയെന്ന് ബിസിനസ് റിപ്പോർട്ട് ചെയ്യുന്നു. സ്‌പാം മെസേജുകളും ഫിഷിംഗ് മെസേജുകളും തടയാൻ ലക്ഷ്യമിട്ടുള്ള പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കാൻ ടെലികോം കമ്പനികൾക്ക് അനുവദിച്ചിരിക്കുന്ന സമയപരിധി നവംബർ 30ന് അവസാനിക്കും.
പുതിയ നിയമപ്രകാരം ഒടിപി അടക്കമുള്ള എല്ലാ കൊമേഴ്സ്യൽ മെസേജുകളുടെയും ഉറവിടം ടെലികോം കമ്പനികൾ കണ്ടെത്തിയിരിക്കണം. ഇങ്ങനെ മെസേജുകളുടെ ഉറവിടം തിരിച്ചറിഞ്ഞ് ഉപഭോക്താക്കൾക്ക് ഉപദ്രവകരമായ സന്ദേശങ്ങൾ ടെലികോം കമ്പനികൾ ബ്ലോക്ക് ചെയ്യണം എന്നും സ്‌കിമുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കണമെന്നുമാണ് കമ്പനികൾക്ക് നൽകിയിരിക്കുന്ന കർശന നിർദേശം.