സ്മാർട്ടായി മേഴത്തൂർ അങ്കണവാടി മന്ത്രി എം ബി രാജേഷ് കുരുന്നുകൾക്ക് തുറന്നു നൽകി


 സ്മാർട്ടായി മേഴത്തൂർ അങ്കണവാടി

മന്ത്രി എം ബി രാജേഷ് കുരുന്നുകൾക്ക് തുറന്നു നൽകി

തൃത്താല പഞ്ചായത്തിലെ മേഴത്തൂർ മൂന്നാം നമ്പർ അങ്കണവാടിയിലെ കുരുന്നുകൾ ഇനി സ്മാർട്ട് കെട്ടിടത്തിൽ കളിച്ചു പഠിക്കും. തദ്ദേശ സ്വയംഭരണ എക്സൈസ് പാർലിമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് സ്മാർട്ട് അങ്കണവാടി കുരുന്നുകൾക്ക് തുറന്നു നൽകി.

എംഎൽഎ ഫണ്ടും സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെയും ബ്ലോക്ക് -ഗ്രാമപഞ്ചായത്തിൻ്റെയും ഫണ്ടുകൾ ഉൾപ്പെടുത്തി 45 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടി നിർമ്മിച്ചത്. പഞ്ചായത്തിലെ ഏറ്റവും വലുതും ആദ്യത്തെ സ്മാർട്ട് അങ്കണവാടിയും കൂടിയാണിത്.

കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിന് അനുയോജ്യമായ വിധത്തിൽ 1500 സ്ക്വയർ ചതുരശ്രയടി വിസ്തീർണത്തിലാണ് കെട്ടിടം നിർമ്മിച്ചത്. കുട്ടികൾക്ക് കളിച്ചുല്ലസിക്കുന്നതിന് വിശാലമായ കളിസ്ഥലം കെട്ടിടത്തിനുള്ളിൽ തന്നെ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ മൂന്ന് മുറികൾ ,അടുക്കള, ഹാൾ, ശിശു സൗഹൃദ ശൗചാലയം, റാമ്പ് എന്നിവയും ഒരുക്കിയിട്ടുണ്ട്. ചുമരുകൾ കുട്ടികൾക്ക് കൗതുകമാകുന്ന രീതിയിൽ കാർട്ടൂൺ കഥാപാത്രങ്ങളാലും ചിത്രപ്പണികളാലും മനോഹരവുമാണ്.

തൃത്താല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ ജയ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനീയർ നിഖിൽ റോയ് റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ പി ശ്രീനിവാസൻ, ജില്ലാ പഞ്ചായത്ത് അംഗം കമുകുട്ടി എടത്തോൾ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി ദീപ, ടി അരവിന്ദാക്ഷൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി വി മുഹമ്മദാലി, പി ഗിരിജ, ജയന്തി,പി എ ഷഹന,അങ്കണവാടിക്ക് സ്ഥലം വിട്ടു നൽകിയ മഞ്ഞപ്പറ്റ ഹരി നമ്പൂതിരിപ്പാട്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post