ഓടിത്തോല്‍പ്പിച്ചാല്‍ അവധി തരുമോ? വൈറലായി മാരത്തണും തൃശൂര്‍ കലക്ടറുടെ മറുപടിയും


 തൃശ്ശൂര്‍: കലക്ടറിനെ ഓടി തോല്‍പ്പിച്ചാല്‍ അവധി തരാമോയെന്ന് ചോദിച്ച കുട്ടിയുടെ നിഷ്‌കളങ്ക ചോദ്യത്തിന് കലക്ടര്‍ നല്‍കിയ മറുപടിയും മത്സരവുമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനോട് സെന്റ്. മേരീസ് യു പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി സല്‍മാനാണ് നിഷ്‌കളങ്കമായ ഈ ചോദ്യം ചോദിച്ചത്. കലക്ടര്‍ സാറിനെ ഓടി തോല്‍പ്പിച്ചാല്‍ സ്‌കൂളിന് അവധി തരുമോ?. ചോദ്യത്തിനൊപ്പം തൃശ്ശൂരിലെ എല്ലാ കുട്ടികള്‍ക്കും കൂടി വേണ്ടിയാണ് താന്‍ അവധി ചോദിക്കുന്നതെന്നും വിശദീകരണം.കലക്ടര്‍ സാറാണെങ്കില്‍ അതൊരു ചാലഞ്ച് ആയി തന്നെ ഏറ്റെടുത്ത് സൗഹൃദ ഓട്ടത്തില്‍ പങ്കാളിയായി. എന്‍ഡ്യൂറന്‍സ് അറ്റ്‌ലറ്റ്‌സ് ഓഫ് തൃശ്ശൂരിന്റെ നേതൃത്വത്തില്‍ പാലപ്പിള്ളിയില്‍ വച്ചു നടന്ന 12 കിലോമീറ്റര്‍ മാരത്തോണ്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഇരുവരും ഫിനിഷ് ചെയ്തത് ഒന്നിച്ച്.വരും ദിവസങ്ങളില്‍ ജില്ലയില്‍ ഗ്രീന്‍ അലര്‍ട്ട് ആയതിനാല്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിക്കുന്നതിന് പരിമിതികള്‍ ഉണ്ടെന്നും, എന്നാല്‍ വരുന്ന ദിവസങ്ങളില്‍ മഴ അവധി പ്രഖ്യാപിക്കേണ്ട സാഹചര്യം വന്നാല്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച സല്‍മാന്റെ പേരില്‍ ഡെഡിക്കേറ്റ് ചെയ്യാമെന്ന് ഉറപ്പു നല്‍കി കൊണ്ടാണ് കലക്ടര്‍ മടങ്ങിയത്.കായിക അധ്യാപകനായ ജോഷി മാഷില്‍ നിന്നും (ജോബി മൈക്കിള്‍ എം) പരിശീലനം നേടുന്ന സല്‍മാന്‍, കായികരംഗത്ത് ജില്ലയുടെ ഭാവി വാഗ്ദാനമാണ് എന്ന കാര്യത്തില്‍ സംശയമില്ലെന്ന് ജില്ലാ കളക്ടര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ നൂറോളം പേര്‍ പങ്കെടുത്ത മാരത്തോണ്‍ പാലപ്പിള്ളി ജംങ്ഷനില്‍ നിന്ന് ആരംഭിച്ച് പാലപ്പിള്ളി ഗ്രൗണ്ടില്‍ വച്ചാണ് അവസാനിച്ചത്.

Post a Comment

Previous Post Next Post