പശ്ചിമേഷ്യന്‍ സംഘര്‍ഷം; വിമാന സര്‍വീസുകള്‍ വീണ്ടും റദ്ദാക്കി


 കൊച്ചി: ഇറാന്റെ ഖത്തര്‍ ആക്രമണത്തെത്തുടര്‍ന്ന് വീണ്ടും വിമാന സര്‍വീസുകള്‍ റദ്ദാക്കി. നേരത്തെ ഖത്തര്‍ വ്യോമപാത തുറന്ന് നല്‍കിയെങ്കിലും വീണ്ടും അടക്കുകയായിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ തിരുവനന്തപുരം-ഷാര്‍ജ, മസ്‌കറ്റ്, ദമാം, ദുബായ് സര്‍വീസുകളാണ് റദ്ദാക്കിയത്. പുലര്‍ച്ചെ സര്‍വീസ് നടത്തേണ്ടിയിരുന്നതായിരുന്നു ഇവ.ദോഹയിലേയ്ക്കുള്ള ഖത്തര്‍ എയര്‍വേസിന്റെ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. കുവൈറ്റിലേയ്ക്കുള്ള കുവൈറ്റ് എയര്‍വെയ്‌സ് സര്‍വീസുകള്‍, ഷാര്‍ജയിലേയ്ക്കുള്ള ഇന്‍ഡിഗോ സര്‍വീസുകളും റദ്ദാക്കി. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് ചില സര്‍വീസുകള്‍ ആരംഭിച്ചിരുന്നെങ്കിലും വീണ്ടും നിര്‍ത്തലാക്കുകയാണ് ഉണ്ടായത്. സാധാരണ നിലയിലേയ്ക്ക് ആകണമെങ്കില്‍ കുറേക്കൂടി സമയമെടുക്കുമെന്നാണ് വിമാനത്താവള അധികൃതര്‍ അറിയിച്ചിട്ടുള്ളത്.യാത്രക്ക് മുമ്പ് യാത്രക്കാര്‍ സര്‍വീസുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉറപ്പു വരുത്തണമെന്ന് വിമാനത്താവള അധികൃതരും വിമാനക്കമ്പനികളും വ്യക്തമാക്കി. കരിപ്പൂരില്‍ നിന്നും പുറപ്പെടേണ്ട വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ഇന്ന് പുറപ്പെടേണ്ട 9 സര്‍വീസുകളും നാളെ പുറപ്പെടേണ്ട ഒരു സര്‍വീസുമാണ് നിലവില്‍ റദ്ദാക്കിയത്. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 2.45 ഓടെയാണ് ഖത്തര്‍ വ്യോമപാത തുറന്നിരുന്നു. അധികം വൈകാതെ തന്നെ വീണ്ടും സര്‍വീസുകള്‍ റദ്ദാക്കുകയായിരുന്നു.തിങ്കളാഴ്ച രാത്രിയാണ് ഖത്തറിലെയും ഇറാഖിലെയും വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ മിസൈലാക്രമണം നടത്തിയത്. ഇറാന്റെ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ദോഹയില്‍ സ്‌ഫോടനശബ്ദം കേട്ടതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, അല്‍ ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ട് നടത്തിയ മിസൈല്‍ ആക്രമണത്തെ ഫലപ്രദമായി തടയാനായെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് മിസൈലുകള്‍ പ്രതിരോധിച്ചെന്നും സായുധസേന ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും ഖത്തര്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കോ ആളപായമോ ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ അതിര്‍ത്തിയും വ്യോമപാതയും സുരക്ഷിതമാണെന്നും ഖത്തര്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു.

Post a Comment

Previous Post Next Post