വാഹന പരിശോധനയ്ക്കിടെ താമരശേരി ചുരത്തിൽ നിന്ന് ചാടിയ യുവാവ് പൊലീസിന്‍റെ പിടിയിൽ.


 വാഹന പരിശോധനയ്ക്കിടെ താമരശേരി ചുരത്തിൽ നിന്ന് ചാടിയ യുവാവ് പൊലീസിന്‍റെ പിടിയിൽ.

വാഹന പരിശോധനയ്ക്കിടെ പൊലീസ് കൈകാണിച്ച് നിർത്തിയ വാഹനത്തിൽ നിന്ന് ഇറങ്ങിയോടി, താമരശേരി ചുരത്തിൽ നിന്നും കൊക്കയിലേക്ക് ചാടിയ യുവാവ് ഒടുവിൽ പൊലീസിന്‍റെ പിടിയിൽ. മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷഫീഖ് (30) ആണ് പിടിയിലായത്.

വെള്ളിയാഴ്ചയാണ് ഇയാൾ ലക്കിടിയില്‍ വയനാട് ഗേറ്റിന് സമീപത്തായി പൊലീസിനെ കണ്ടതോടെ കൊക്കയിലേക്ക് ചാടിയത്. പരിശോധനയിൽ ഇയാളുടെ കാറില്‍നിന്ന് പൊലീസ് 20.35 ഗ്രാം എംഡിഎംഎയും കണ്ടെത്തിയിരുന്നു. ഷഫീഖിനെ കണ്ടെത്തുന്നതിന് സ്ഥലത്ത് ഫയർഫോഴ്സും വൈത്തിരി, താമരശേരി പൊലീസും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പ്രദേശത്ത് ഡ്രോണ്‍ പരിശോധനയടക്കം നടത്തിയെങ്കിലും രക്ഷയുണ്ടായില്ല.

എന്നാൽ ശനിയാഴ്ച രാവിലെ വൈത്തിരി സമീപത്ത് ഓറിയന്‍റൽ കോളെജിനടുത്തെ കാട്ടിൽനിന്നും ഒരാൾ പരിക്കുകളോടെ ഇറങ്ങിവരുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇവർ വിവരമറിയിച്ചത് അനുസരിച്ച് പൊലീസ് ഇവിടെയെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നാലെ ഇയാളെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മുന്‍പും എംഡിഎംഎ കേസിൽ പ്രതിയായ ഇയാൾ വയനാട്ടിലേക്ക് ലഹരി കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത് എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.

Post a Comment

Previous Post Next Post