കൈകൂലി നൽകാത്തതിനാൽ മയക്കാതെ ഓപ്പറേഷൻ ചെയ്തതായി പരാതി,തൃശ്ശൂർ മെഡിക്കൽ കോളേജിനെതിരെ മൂക്കുതല സ്വദേശി രംഗത്ത്.
ചങ്ങരംകുളം: കൈകൂലി കൊടുക്കാത്തത് കൊണ്ട് അനസ്തീഷ്യ കൊടുക്കാതെ ഓപ്പറേഷൻ നടത്തിയതായി മൂക്കുതല സ്വദേശിയായ അബ്ദുല്ലത്തീഫ് വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. 2018 ഏപ്രിൽ തൃശൂർ ഗവ.മെഡിക്കൽ കോളേജിലാണ് സംഭവം നടക്കുന്നത്.
വൃക്കയിൽ കല്ല് വന്നത് കൊണ്ട് അസഹ്യമായ വേദന മൂലമാണ് ലത്തീഫ് തൃശൂർ മെഡിക്കൽ കോളേജിൽ യൂറോളജി വിഭാഗത്തിൽ അഡ്മിറ്റാകുന്നത്. ഒരാഴ്ച കഴിഞ്ഞിട്ടും ഡോക്ടർ ഓപ്പറേഷൻ നടക്കാത്തത് അന്വേഷിച്ചപ്പോളാണ് ഡോക്ടർക്ക് പണം നൽകാത്തതിനാലാണെന്ന് അറിയാൻ സാധിച്ചത്.
എന്നാൽ ലത്തീഫ് അതിന് തയ്യാറായില്ല. തൻ്റെ സുഹൃത്ത് കൂടിയായ മെഡിക്കൽ കോളേജ് സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അബ്ദുൾ ലത്തീഫിനോട് വിവരം പറഞ്ഞു. അദ്ദേഹം ഡോക്ടറോട് സംസാരിച്ചു. ഓപ്പറേഷൻ തിയ്യതി വാങ്ങിച്ചു തന്നു. എന്നാൽ പൈസ കിട്ടാത്തത് കൊണ്ട് അനസ്തീഷ്യ കൊടുക്കാതെ വളരെ ക്രൂരമായാണ് ലത്തീഫിൻ്റെ ഓപ്പറേഷൻ നടത്തിയത്. വേദന കൊണ്ട് പുളഞ്ഞ ലത്തീഫിനെ നോക്കി ഡോക്ടർ പരിഹസിച്ച് ചിരിച്ചതായി ലത്തീഫ് പറയുന്നു.ഓപ്പറേഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോയ ലത്തീഫിന് രണ്ട് ദിവസത്തിനുള്ളിൽ കടുത്ത പനിയും ഇൻഫെക്ഷനും വരികയും മെഡിക്കൽ കോളേജിൽ പോയി വീണ്ടും ഓപ്പറേഷൻ നടത്തുകയും ചെയ്യേണ്ടിവന്നു.
അപ്പോഴും അനസ്തീഷ്യ നൽകിയിരുന്നില്ല. വേദന കൊണ്ട് അട്ടഹസിച്ച ലത്തീഫ്, ഇനിയും ഇവിടെ കിടന്നാൽ ജീവൻ അപകടത്തിലാകുമെന്ന് പേടിച്ച് തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പോയി ചികിത്സ തുടർന്നു. സ്കാൻ ചെയ്തപ്പോൾ 75 ശതമാനം കല്ലും അവിടെ തന്നെ ഉണ്ടായിരുന്നു. അനസ്തീഷ്യ നൽകി ഓപ്പറേഷനിലൂടെ അതെല്ലാം നീക്കം ചെയ്തു. നല്ലൊരു സംഖ്യ ചെലവായി.
ഈ ക്രൂരത ചെയ്ത മെഡിക്കൽ കോളേജ് ഡോക്ടർക്കെതിരെ ലത്തീഫ്, മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, മനുഷ്യാവകാശ കമ്മീഷൻ,ന്യൂനപക്ഷ കമ്മീഷൻ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ എന്നിവർക്കെല്ലാം രേഖാമൂലം പരാതി നൽകി. ന്യൂനപക്ഷ കമ്മീഷൻ മാത്രമാണ് കേസ് വിളിച്ച് വിസ്തരിച്ചത്. ഡോക്ടർമാർക്കെതിരെ ചികിത്സാ പിഴവിന് നൽകുന്ന ഒരു പരാതിയിലും നടപടിയുണ്ടാകാറില്ലന്ന സത്യം ലത്തീഫിനും ബോധ്യമായി. തൃശൂർ പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനം നടത്തി വിശദീകരിച്ചെങ്കിലും ലത്തീഫിന് നീതി ലഭിച്ചില്ല.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യൂറോളജി വകുപ്പ് മേധാവി ഹാരിസിൻ്റെ ചില വെളിപ്പെടുത്തലുകളാണ് മെഡിക്കൽ കോളേജിൽ നടക്കുന്ന കൊള്ളരുതായ്മകൾ ചർച്ചക്കിടയായത്. എന്നാൽ ഇതിൻ്റെ മറുവശം ചർച്ചയാകാതെ പോകുകയാണ്. മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് പാവപ്പെട്ട രോഗികൾ നിശ്ചിത സംഖ്യകൾ കൈകൂലി കൊടുക്കാത്തത് കൊണ്ട് ഓപ്പറേഷനുകൾ നീട്ടിവെക്കുന്ന പ്രവണതകൾ കൂടി വരികയാണ്. ഈ ഡോക്ടർമാർക്കെതിരെ ഒരു നടപടിയും സർക്കാർ കൈക്കൊള്ളുന്നില്ല. അഴിമതികൾ ചൂണ്ടിക്കാണിക്കുന്നവർക്കെതിരെ നടപടി കൈക്കൊള്ളുകയും ചെയ്യുന്നു. എല്ലാവരും അഴിമതിക്കാരല്ല. ആത്മാർത്ഥമായി സേവനം ചെയ്യുന്ന ധാരാളം പേർ മെഡിക്കൽ കോളേജുകളിലുണ്ട്. എന്നാൽ കൈക്കൂലി വാങ്ങി ചികിത്സിക്കുന്ന ഡോക്ടർമാരെക്കുറിച്ച് മെഡിക്കൽ എജുക്കേഷൻ വകുപ്പിന് നന്നായി അറിയാം. പക്ഷെ അവർക്കെതിരെ ഒരു നടപടിയും എടുക്കാൻ സർക്കാർ തയ്യാറാകുന്നില്ല. ഐ. എം.എ. പോലുള്ള സംഘടനകൾ ഈ അഴിമതിക്കാരെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. മെഡിക്കൽ രംഗത്തെ സിസ്റ്റം ശരിയാക്കുന്നതോടൊപ്പം പാവപ്പെട്ട രോഗികളെ പിഴിയുന്ന ക്രൂരരായ ഡോക്ടർ മാർക്കെതിരെയും നടപടി കൈക്കൊള്ളണമെന്ന് എം.എ. ലത്തീഫ് മൂക്കുതല പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ റിട്ട. ഗവ. അഡീഷണൽ സെക്രട്ടറി അബ്ദുൾ ലത്തീഫ് മാറഞ്ചേരി,ടി.വി. മുഹമദ് അബ്ദുറഹ്മാൻ എന്നിവരും പങ്കെടുത്തു