വടക്കാഞ്ചേരിയിൽ പോലീസിനെ വെട്ടിച്ച് കടന്ന വടിവാൾ വിനീത് പിടിയിൽ; ആലപ്പുഴയിൽ നിന്ന് വടക്കാഞ്ചേരിയിലെത്തിച്ചു.
വടക്കാഞ്ചേരി: കഴിഞ്ഞ മാർച്ച് 25-ന് വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ വെച്ച് പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ കസ്റ്റഡിയിലെ പ്രതി വടിവാൾ വിനീത് പിടിയിലായി. മണിക്കൂറുകൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ, ഇന്നലെ വൈകീട്ട് ആലപ്പുഴയിൽ വെച്ച് പിടിയിലായ ഇയാളെ ഇന്ന് പുലർച്ചയോടെവടക്കാഞ്ചേരിയിലേക്ക് എത്തിച്ചു.ആലപ്പുഴ ജില്ലാ ജയിലിൽ നിന്ന് വടക്കാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെയായിരുന്നു സംഭവം. വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ വെച്ച് എസ്കോർട്ട് പോലീസുകാരെ തള്ളിമാറ്റി വിലങ്ങ് ഊരിയ ശേഷം റെയിൽവേ ട്രാക്ക് മുറിച്ച് കടന്ന് ചാരൽപ്പറമ്പ് ഭാഗങ്ങളിലേക്ക്ഓടിമറയുകയായിരുന്നു.സംഭവത്തിൽ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ Cr.282/2025 U/S 263 (a) BNS പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. രക്ഷപ്പെട്ട പ്രതികളിൽ രാഹുൽ @ ബാബു (44, പരവൂർ, കൊല്ലം) എന്നയാളെ പിന്നീട് വടക്കാഞ്ചേരി ഭാഗത്തുനിന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നുവെങ്കിലും വടിവാൾ വിനീത് ഒളിവിൽ തുടരുകയായിരുന്നു. ഒടുവിൽ, പോലീസ് നടത്തിയ ഊർജ്ജിത നീക്കങ്ങൾക്കൊടുവിലാണ് ഇയാളെ വലയിലാക്കിയത്.