CBSE അഫിലിയേറ്റഡ് സ്കൂളുകളിൽ ഇനി മുതൽ ദൃശ്യത്തിനൊപ്പം ശബ്ദവും പകർത്താൻ കഴിയുന്ന സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് സിബിഎസ്ഇ ബോർഡ് നിർദേശം.. സ്കൂളിലും പരിസരങ്ങളിലും കൂടുതൽ
സുരക്ഷയുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ മാർഗ്ഗനിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്..വഴികൾ, ഇടനാഴികൾ, ലോബികൾ, പടിക്കെട്ടുകൾ, ക്ലാസ്‌മുറികൾ, ലാബുകൾ, ലൈബ്രറികൾ, കാന്റീൻ, സ്റ്റോർ മുറി, മൈതാനം, മറ്റു പൊതു ഇടങ്ങൾ എന്നിവിടങ്ങളിലാണ് ഓരോ സ്കൂളും സിസിടിവി ക്യാമറകൾ വെക്കേണ്ടത്.
ഇവ തത്സമയം നിരീക്ഷിക്കാനുള്ള സംവിധാനവുമുണ്ടാകണം. ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങളും ശബ്ദങ്ങളും കുറഞ്ഞത് രണ്ടാഴ്ചത്തേക്കെങ്കിലും സൂക്ഷിച്ചിരിക്കണം. ആവശ്യമെങ്കിൽ അധികൃതർക്ക് പരിശോധിക്കാനാണിതെന്നും സിബിഎസ്‌ഇ സ്കൂളുകൾക്കുള്ള പ്രത്യേക നിർദ്ദേശത്തിൽ പറയുന്നു.. അഫിലിയേഷൻ തുടരണമെങ്കിൽ സ്കൂളുകൾ എത്രയും വേഗം ഈ ക്യാമറ സ്ഥാപിക്കണമെന്ന നിർദ്ദേശം പാലിച്ചിരിക്കണമെന്നും പുതിയ അറിയിപ്പിലുണ്ട്.