വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തുന്നതില്‍ ഭൗതിക സാഹചര്യങ്ങള്‍ക്കുള്ള പങ്ക് വളരെ വലുത്: മന്ത്രി വി. ശിവന്‍കുട്ടി
നടുവട്ടം ഗവണ്‍മെന്റ് ജനത ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു.
വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തുന്നതില്‍ ഭൗതിക സാഹചര്യങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതെന്ന് മന്ത്രി വി. ശിവന്‍കുട്ടി. നടുവട്ടം ഗവണ്‍മെന്റ് ജനത ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടാമ്പി ഉപജില്ലയിലെ മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട നടുവട്ടം ഗവണ്‍മെന്റ് ജനത ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സംസ്ഥാനതലത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച് മുന്നേറുകയാണ്. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ നടുവട്ടം ജനത ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സാധിച്ചത് അഭിമാനകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.
പത്തുവര്‍ഷം തുടര്‍ച്ചയായി പട്ടാമ്പി ഉപജില്ലയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം കലാകിരീടം നേടാന്‍ കഴിഞ്ഞത് വിദ്യാലയത്തിലെ കുട്ടികളുടെയും അധ്യാപകരുടെയും അര്‍പ്പണബോധത്തിനും കഠിനാധ്വാനത്തിനും ലഭിച്ച അംഗീകാരമാണ്. സ്‌കൂളിന്റെ ഭൗതിക സൗകര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നത് തികച്ചും അഭിനന്ദനാര്‍ഹമാണ്. ചുരുങ്ങിയ കാലംകൊണ്ട് എട്ടുകോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നതിലൂടെ നമ്മുടെ വിദ്യാഭ്യാസ മേഖലയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യം മനസ്സിലാക്കാമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
അഞ്ചുകോടി രൂപയുടെ കിഫ്ബി കെട്ടിടവും എം.എല്‍.എ ഫണ്ടില്‍നിന്ന് ഒരു കോടി രൂപയുടെ കെട്ടിടവും ഈ സ്‌കൂളില്‍ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. നട്ടുവട്ടം സ്‌കൂളിലെ പുതിയ കെട്ടിടം, 2022-23 അധ്യയനവര്‍ഷത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ രണ്ടുകോടി രൂപ തനത് ഫണ്ട് ഉപയോഗിച്ച് വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചതാണ്. അഞ്ച് ക്ലാസ് മുറികള്‍, കമ്പ്യൂട്ടര്‍ ലാബ്, സ്റ്റാഫ് റൂം, പ്രിന്‍സിപ്പല്‍ റൂം, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ടോയ്‌ലെറ്റുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന കെട്ടിടം നടുവട്ടം ജനത ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ വളര്‍ച്ചയിലെ ഒരു പുതിയ നാഴികക്കല്ലാണ് എന്നും മന്ത്രി പറഞ്ഞു.
നടുവട്ടം ഗവണ്‍മെന്റ് ജനത ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ മുഹമ്മദ് മുഹ്സിന്‍ എംഎല്‍എ അധ്യക്ഷനായി. പരിപാടിയില്‍ ജില്ലാy പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാബിറ ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗം കമ്മുക്കുട്ടി എടത്തോള്‍, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ മണികണ്ഠന്‍, തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.എ അസീസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്.ജൂഡ് ലൂയിസ്, പിടിഎ പ്രസിഡന്റ് വി.ടി.എ കരീം തുടങ്ങിയവര്‍ പങ്കെടുത്തു.