സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഓണപ്പരീക്ഷ ഇന്ന് ആരംഭിക്കും.


 തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഓണപ്പരീക്ഷ ഇന്ന് ആരംഭിക്കും. യുപി, ഹൈസ്‌കൂള്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കാണ് തിങ്കളാഴ്ച പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിഭാഗത്തിന് ബുധനാഴ്ച മുതലാണ് പരീക്ഷ. ഒന്നുമുതല്‍ 10 വരെയുള്ള ക്ലാസുകളിലെ പരീക്ഷ 26ന് സമാപിക്കും. പ്ലസ് ടു പരീക്ഷ 27നും. പരീക്ഷ സമയങ്ങളില്‍ അവധി പ്രഖ്യാപിക്കുകയാണെങ്കില്‍ അന്നത്തെ പരീക്ഷ 29ന് നടക്കും. ഒന്ന്, രണ്ട് ക്ലാസുകളില്‍ പരീക്ഷയ്ക്ക് സമയ ദൈര്‍ഘ്യം ഉണ്ടാകില്ല. കുട്ടികള്‍ എഴുതിത്തീരുന്ന മുറയ്ക്ക് അവസാനിപ്പിക്കാം. മറ്റ് ക്ലാസുകളില്‍ രണ്ടുമണിക്കൂറാണ് പരീക്ഷ.അതിനിടെ ഓണപ്പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ച്ച തടയാന്‍ വിദ്യാഭ്യാസ വകുപ്പ് മാര്‍ഗരേഖ പുറത്തിറക്കി. പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പ് മാത്രമേ ചോദ്യക്കടലാസ് അടങ്ങുന്ന പാക്കറ്റുകള്‍ പൊട്ടിക്കാന്‍ പാടുള്ളൂ എന്ന് സ്‌കൂളുകളിലെ പ്രധാനാധ്യാപകരെ അറിയിച്ചു.


ചോദ്യക്കടലാസ് കൈകാര്യം ചെയ്യുന്നതിനായി ഓരോ ജില്ലകളിലും പ്രത്യേകം മൂന്നംഗ പരീക്ഷാസെല്ലും സജ്ജമാക്കിയിട്ടുണ്ട്. ബിആര്‍സികളില്‍ ചോദ്യക്കടലാസ് വിതരണം ചെയ്യുമ്പോള്‍ ഇഷ്യൂ രജിസ്റ്റര്‍ ചെയ്ത് സൂക്ഷിക്കണമെന്നും മുഴുവന്‍ സ്‌കൂളുകളും ചോദ്യക്കടലാസ് കൈപ്പറ്റുന്നത് വരെ മുറിയും അലമാരയും മുദ്രവച്ച് സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്. വിതരണ മേല്‍നോട്ടവും ബിആര്‍സി തല ഏകോപനവും നിരീക്ഷണവും ജില്ലാ ഓഫീസ് നിര്‍വ്വഹിക്കും

Post a Comment

Previous Post Next Post