തിങ്കളാഴ്ച രാവിലെ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ റിപ്പബ്ലിക് ദിന പരേഡ് നടക്കും. ആഘോഷങ്ങള്‍ക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. പത്മാ പുരസ്കാരങ്ങളും സൈനിക-പോലീസ് മെഡലുകളും ഇന്ന് പ്രഖ്യാപിക്കുന്നതോടെ രാജ്യം ആഘോഷങ്ങളിലേക്ക് കടക്കും.
യൂറോപ്യൻ യൂണിയൻ നേതാക്കളാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന ആഘോഷങ്ങളില്‍ മുഖ്യാതിഥികളായി പങ്കെടുക്കുന്നത്. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോണ്‍ ഡെയർ ലെയൻ ഇതിനോടകം ഡല്‍ഹിയില്‍ എത്തിക്കഴിഞ്ഞു. യൂറോപ്യൻ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ ഇന്ന് ഉച്ചകഴിഞ്ഞ് എത്തും. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇന്ന് അതിഥികളുമായി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തുന്ന ചർച്ചയില്‍ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റിപ്പബ്ലിക് ദിനം പ്രമാണിച്ച് ഡല്‍ഹിയില്‍ അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കർത്തവ്യപഥും പരിസരപ്രദേശങ്ങളും പഴുതടച്ച സുരക്ഷാവലയത്തിലാണ്. വിവിധ സേനാവിഭാഗങ്ങളുടെ പരേഡും സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന കലാരൂപങ്ങളും നാളത്തെ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും.



