കൂറ്റനാട്: ഇൻസ്റ്റഗ്രാം റീൽസിനെച്ചൊല്ലിയുണ്ടായ തർക്കത്തെതുടര്‍ന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദനം. ചാലിശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഷമ്മാസിനെയാണ് (15) സീനിയർ വിദ്യാർഥികൾ മർദിച്ചത്. ആക്രമണത്തിൽ തോളെല്ലിന് ഗുരുതരമായി പരുക്കേറ്റ ഷമ്മാസ് ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.15-ഓടെ ട്യൂഷൻ കഴിഞ്ഞ് പള്ളിയിൽ പോയി മടങ്ങുകയായിരുന്ന ഷമ്മാസിനെയും സുഹൃത്തുക്കളെയും ഒരു സംഘം പത്താം ക്ലാസ് വിദ്യാർഥികൾ തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു. ഷമ്മാസിനൊപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കൾക്കും മർദ്ദനമേറ്റിട്ടുണ്ട്. മർദ്ദനത്തിൽ ഷമ്മാസിന്റെ തോളെല്ലിന് പൊട്ടലുണ്ട്. നിലവിൽ കൈ ചലിപ്പിക്കാൻ പോലും കഴിയാത്ത സാഹചര്യത്തിലാണ് ഷമാസ്.



