കുമരനെല്ലൂർ: കോളേജിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനിയെ തെരുവ് നായയുടെ ആക്രമണത്തിൽ നിന്ന് ധീരമായി രക്ഷപ്പെടുത്തിയ കുമരനെല്ലൂർ സ്വദേശിയും വ്യാപാരിയുമായ റഫീഖിനെ നാട് ആദരിച്ചു.
കുമരനെല്ലൂർ സെന്ററിൽ സിറ്റി സ്റ്റേഷനറി നടത്തുന്ന ആലത്ത് വളപ്പിൽ റഫീഖാണ് സ്വന്തം സുരക്ഷ പോലും അവഗണിച്ച് പെൺകുട്ടിയുടെ രക്ഷയ്‌ക്കെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ കോളേജിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനിയെ തെരുവ് നായ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ സംഭവം കണ്ട റഫീഖ് ഉടൻ ഓടിയെത്തി സമയോചിതമായി ഇടപെട്ടതോടെ വലിയൊരു അപകടം ഒഴിവായി.
റഫീഖിന്റെ ധീരമായ പ്രവൃത്തിയെ അഭിനന്ദിച്ച് ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി അദ്ദേഹത്തെ ആദരിച്ചു.
ചടങ്ങിൽ തൃത്താല നിയോജകമണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അലി കുമരനെല്ലൂർ, കപ്പൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ, ടൗൺ മുസ്ലിം ലീഗ് പ്രസിഡണ്ട് ഷാനവാസ് മുളക്കൽ എന്നിവർ സംസാരിച്ചു.
ടൗൺ മുസ്ലിം ലീഗ് ട്രഷറർ കെ.കെ. സെമീർ, ജാഫർ വി.പി., കുഞ്ഞിവാപ്പു വി.പി., മുസ്തഫ വി.വി. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.



