ഐപിഎൽ ടിക്കറ്റ് വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ് യുവാവിന് 1.46 ലക്ഷം രൂപ നഷ്ടം.
ബെംഗളൂരു: ഐപിഎൽ ടിക്കറ്റുകൾ നൽകാമെന്ന് സോഷ്യൽ മീഡിയ വഴി വിശ്വസിപ്പിച്ച് 25 വയസ്സുകാരനായ സോഫ്റ്റ്വെയർ എഞ്ചിനീയറിൽ നിന്ന് 1.46 ലക്ഷം രൂപ തട്ടിയെടുത്തു.ഇൻസ്റ്റാഗ്രാം വഴിയാണ് തട്ടിപ്പ് നടന്നത്ബി. നാരായണപുര സ്വദേശിയായ യുവാവ് മഹാദേവപുര പൊലീസിൽ നൽകിയ പരാതിയിൽ, ചിന്നസ്വാമി സ്റ്റേഡിയത്തിലെ ടിക്കറ്റ് കൗണ്ടർ സീനിയർ സൂപ്പർവൈസറാണെന്ന് പരിചയപ്പെടുത്തിയ സുമിത് ബിസ്വാൾ എന്നയാളാണ് തട്ടിപ്പിന് പിന്നിലെന്ന് വ്യക്തമാക്കുന്നു.
ഞായറാഴ്ച നടക്കാനിരുന്ന ആർസിബി – സിഎസ്കെ മത്സരത്തിനുള്ള ടിക്കറ്റുകളും വിഐപി ആനുകൂല്യങ്ങളും നൽകാമെന്ന് വാഗ്ദാനം ചെയ്ത ഇയാൾ, ആദ്യം 3,700 രൂപയുടെ രണ്ട് ടിക്കറ്റുകൾക്കായി പണം വാങ്ങി. തുടർന്ന് സെക്യൂരിറ്റി ഡിപ്പോസിറ്റ്, ഫുഡ് കൂപ്പണുകൾ, സുഹൃത്തുക്കൾക്കുള്ള അധിക ഐഡി കാർഡുകൾ എന്നിവയുടെ പേരിൽ കൂടുതൽ തുക ആവശ്യപ്പെടുകയായിരുന്നു.
ബാങ്ക് അക്കൗണ്ടിലെ പണം തീർന്നതോടെ യുവാവ് അമ്മയുടെ അക്കൗണ്ടിൽ നിന്നു ത്തന്നെ പണം കൈമാറി. സ്റ്റേഡിയത്തിലെ പത്താം നമ്പർ ഗേറ്റിന് സമീപം ടിക്കറ്റ് നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും, പണം കൈപ്പറ്റിയ ശേഷം തട്ടിപ്പുകാരൻ മറഞ്ഞു. വിശ്വാസം നേടാനായി വ്യാജ ഇമെയിൽ സന്ദേശങ്ങളും ഇയാൾ അയച്ചതായി പരാതിയിൽ പറയുന്നു.സംഭവത്തിൽ മഹാദേവപുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



