പതിനൊന്ന് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് അഞ്ച് വർഷം തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു.


 കുന്നംകുളം: വീടിൻ്റെ വാതിൽപ്പടിയിൽ നിന്ന പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ തമിഴ്നാട് സ്വദേശിക്ക് കുന്നംകുളം പോക്സോ കോടതി അഞ്ച് വർഷം കഠിന തടവും 35,000 രൂപ പിഴയും വിധിച്ചു. തമിഴ്നാട് രാമനാഥപുരം കരിംഗലഗഡു മനവയൽ സ്വദേശി ഗണേശൻ നടേശനെയാണ് ജഡ്ജ് എസ്. ലിഷ ശിക്ഷിച്ചത്.


2024 സെപ്റ്റംബർ 13-നാണ് കേസിനാസ്പദമായ സംഭവം. നാലാം ക്ലാസിൽ പഠിക്കുന്ന അനുജത്തി ഓണാഘോഷം കഴിഞ്ഞ് വരുന്നതും കാത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി വീടിൻ്റെ വാതിൽ ചാരി നിൽക്കുകയായിരുന്നു. ഈ സമയം വീടിൻ്റെ സിറ്റൗട്ടിലേക്ക് 35 വയസ്സ് തോന്നിക്കുന്ന ഒരാൾ കയറിവന്നു. എന്താണെന്ന് ചോദിച്ചപ്പോൾ സംസാരിക്കാനും കേൾക്കാനും കഴിയില്ലെന്ന് ആംഗ്യം കാണിച്ച പ്രതി, 20 രൂപയുടെ അഞ്ച് കൂപ്പണുകൾ കാണിച്ച് നോട്ടുബുക്കിൽ 100 രൂപ എന്ന് എഴുതിക്കാണിച്ചു. അമ്മ ഇല്ലെന്നും കൂപ്പൺ വേണ്ടെന്നും പെൺകുട്ടി പറഞ്ഞതോടെ പ്രതി വിരൽ കൊണ്ട് 'സൂപ്പർ' എന്ന് കാണിച്ചു. തുടർന്ന് പെട്ടെന്ന് വാതിലിനടുത്തേക്ക് കയറിവന്ന് പെൺകുട്ടിയെ കയറിപ്പിടിച്ചു. പെൺകുട്ടി നിലവിളിച്ചതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.


സംഭവത്തിൽ കുട്ടിയുടെ പരാതിയിൽ കുന്നംകുളം പോലീസ് കേസെടുത്തു. എ.എസ്.ഐ വിവ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി. എസ്.ഐ ജോർജ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി 45 വയസ്സുകാരനായ പ്രതി ഗണേശൻ നടേശനെതിരെ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.എസ്. ബിനോയ്, അഡ്വ. സഫ്‌ന എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ ഏകോപനത്തിനായി ജി.എസ്.സി.പി.ഒ മിനിമോളും കോടതിയിൽ ഹാജരായിരുന്നു.

Post a Comment

Previous Post Next Post