2026 ഏപ്രില്‍ 20ന് വൈകുന്നേരം മുഖ്യമന്ത്രിയുടെ മകന്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്താനെത്തിയപ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകനായ രാജു ഗുരുവായൂരിനെ തടയുകയും ബലാല്‍ക്കാരമായി പിടിച്ചുകൊണ്ടുപോയി തടഞ്ഞുവെച്ച് ഫോണ്‍ പിടിച്ചുവാങ്ങി വിഷ്വല്‍സ് നശിപ്പിച്ചതിനുമെതിരെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് SHO ക്ക് പരാതി നല്‍കിയിരുന്നു. നടന്ന സംഭവവും ഇതിലുള്‍പ്പെട്ടവരേയും പരാതിയില്‍ വ്യക്തമായി പറഞ്ഞിരുന്നു. ദേവസ്വം അഡ്മിനിസ്റ്റേറ്റര്‍ OB അരുണ്‍കുമാര്‍, ക്ഷേത്രം കാവല്‍ക്കാരന്‍ സുമേഷ്, മുഖ്യമന്ത്രിയുടെ മകന്‍ വിവേക് കിരണിന്റെ ഒപ്പം വന്ന കണ്ടാലറിയുന്ന ആള്‍, വിവേക് കിരണിന്റെ ഭാര്യ എന്നിവരെ എതൃ കക്ഷികളാക്കിയാണ് പരാതി നല്‍കിയത്. പൊതു സ്ഥലത്ത് നിയമപ്രകാരമുള്ള പ്രവേശനം തടസപ്പെടുത്തിയതിനും, ബലമായി പിടിച്ചു കൊണ്ടുവന്ന് പൊതുപ്രദര്‍ശനം നടത്തിയതിനും, നിര്‍ബന്ധമായി കെട്ടിടത്തില്‍ നിന്ന് ഇറക്കി കൊണ്ടുവന്ന് ഫോണ്‍ കയ്യടക്കി അതില്‍ നിന്നും വിഷല്‍സ് നശിപ്പിച്ചതിനും Atrocity Act അനുസരിച്ച് കേസ് എടുക്കാവുന്നതാണ് എന്നും പരാതിയില്‍ പറയുന്നു. ഈ പരാതിയില്‍ അടിയന്തരമായി ഇടപെട്ട് മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള ഇടപെടലുണ്ടാകണമെന്നാണ് യൂണിയന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.



