കപ്പൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ മരിച്ച കുമരനല്ലൂർ കൊടിക്കാംകുന്ന് മാടിപ്പുറത്ത് വാസുദേവന്റെ കുടുംബത്തിന് അടിയന്തിര സർക്കാർ സഹായം നൽകണമെന്ന് കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ ആവശ്യപ്പെട്ടു.
ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു വാസുദേവൻ. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെ ഗുരുതര പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
നിത്യജീവിതം പോലും മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ സർക്കാർ പ്രഖ്യാപിച്ച ധനസഹായം, ഇൻഷുറൻസ്, മറ്റ് ക്ഷേമപദ്ധതികൾ എന്നിവ എത്രയും വേഗം കുടുംബത്തിന് ലഭ്യമാക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
കൂടാതെ, കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി ഉൾപ്പെടെയുള്ള പുനരധിവാസ സഹായങ്ങളും ഉറപ്പാക്കണമെന്നും പ്രസിഡന്റ് പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള എല്ലാ ആനുകൂല്യങ്ങളും കാലതാമസമില്ലാതെ ലഭ്യമാക്കുന്നതിന് ഗ്രാമപഞ്ചായത്ത് മുൻപന്തിയിൽ ഇടപെടുമെന്നും അവർ അറിയിച്ചു



