കേരളം നാളെ വിധിയെഴുതും; ഇന്ന് നിശബ്ദ പ്രചാരണം.
തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിച്ചതോടെ സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചാരണം. മണ്ഡലത്തിലെ വോട്ടർമാർ അല്ലാത്ത രാഷ്ട്രീയ പ്രവർത്തകരോട് പുറത്തുപോകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. നിശബ്ദ പ്രചാരണ വേളയിൽ മാധ്യമങ്ങളോട് പ്രതികരിക്കുന്നതിലടക്കം സ്ഥാനാർഥികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ തെരഞ്ഞെടുപ്പ് നടത്താനുള്ള പോളിങ് കേന്ദ്രങ്ങളിലേക്കുള്ള ഇവിഎം വിതരണം ഇന്ന് രാവിലെ മുതൽ ആരംഭിക്കും. സംസ്ഥാനത്ത് ആകെ 30,495 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. അത്യാവശ്യ സർവീസ് വിഭാഗത്തിലെ വോട്ടും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമുള്ള ഹോംവോട്ടും ഏകദേശം പൂർത്തിയായതായി കമ്മീഷൻ അറിയിച്ചു. മറ്റുള്ള വിഭാഗങ്ങളിലുള്ളവർക്കുള്ള സർവീസ് വോട്ടുകൾ ഇന്നുകൂടി രേഖപ്പെടുത്താൻ അവസരമുണ്ട്. സംസ്ഥാനത്താകെ 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്.



