കെട്ടുകണക്കിന് മാലിന്യചാക്കുകളുടെ കൂമ്പാരം...ആനക്കരയിലെ ‘ടേക്ക് എ ബ്രേക്ക്’ കെട്ടിടത്തിന് മുൻപിലെ കാഴ്ചയാണിത്.
മാലിന്യത്തൊട്ടിയാക്കാനാണോ ഏഴുമാസം മുൻപ് ഇത് ഉദ്ഘാടനം ചെയ്തെന്ന് ചോദ്യം വന്നാലും തെറ്റുപറനാവില്ല.അത്രയ്ക്കുണ്ട് കെട്ടിടത്തിനുമുൻപിലെ മാലിന്യം.കേന്ദ്രം ഉപയോഗമില്ലാതെ കിടക്കുന്നു എന്നതിനേക്കാൾ പഞ്ചായത്തിലെ ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യം കേന്ദ്രത്തിന് സമീപത്ത് കൂട്ടിയിടുന്നതാണ് നിലവിലെ തലവേദന. ആദ്യം ചെറിയ തോതിൽ മാത്രമായിരുന്നു മാലിന്യം ഇവിടെ എത്തിച്ചിരുന്നതെന്നും ഇപ്പോൾ പ്രദേശം മുഴുവൻ മാലിന്യക്കൂമ്പാരമായി മാറിയതായി വ്യാപാരികൾ പറയുന്നു. മഴ പെയ്യുമ്പോൾ മാലിന്യങ്ങളിൽനിന്ന് ദുർഗന്ധവും വെള്ളക്കെട്ടും രൂപപ്പെടുന്നതോടെ സമീപത്തെ സ്ഥാപനങ്ങളിലേക്കെത്തുന്നവരും വ്യാപാരികളും കടുത്ത ബുദ്ധിമുട്ടിലാണ്. പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങൾക്കാണ് ഇതിന്റെ ദുരിതം നേരിടേണ്ടി വരുന്നത്. മാലിന്യം ശേഖരിക്കുന്ന എം.സി.എഫ്. കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് മാലിന്യം താത്‌കാലികമായി ‘ടേക്ക് എ ബ്രേക്ക്’ കേന്ദ്രത്തിന് സമീപം സൂക്ഷിക്കുന്നത്. മാലിന്യം അവിടെനിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നാണ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ വിശദീകരണം.
ഉദ്ഘാടനം കഴിഞ്ഞ് ഏഴുമാസമായിട്ടും തുറക്കാത്ത ‘ടേക്ക് എ ബ്രേക്ക്’ പദ്ധതി കുടുംബശ്രീയെ ഏൽപ്പിക്കാനും ആലോചനയുണ്ട്. 13-ന് പഞ്ചായത്തിൽ ചേരുന്ന യോഗത്തിൽ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും അടിയന്തിരമായി ചർച്ച ചെയ്യുമെന്ന് ആനക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എൻ. അംബിക പറഞ്ഞു. 2025 ഒക്ടോബറിൽ മുൻ ഭരണസമിതിയാണ് ആനക്കര ഗ്രാമപ്പഞ്ചായത്തിൽ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.



