അന്താരാഷ്ട്ര മാതൃദിനം ഇന്ന്;നാല് തലമുറകൾക്ക് തണലായി ചാലിശ്ശേരി ബേബി ചേച്ചിയുടെ അമ്മ സ്നേഹം
മാതൃദിനത്തിന്റെ സ്നേഹനിറവിൽ ജീവിതത്തിന്റെ തൊണ്ണൂറ്റിമൂന്നാം വയസിലും നാല് തലമുറകളുടെ സ്നേഹച്ചിരികൾക്കിടയിൽ ആത്മനിർവൃതിയോടെ കഴിയുകയാണ് ചാലിശ്ശേരി അങ്ങാടി പുലിക്കോട്ടിൽ കൊച്ചുണ്ണി ഭാര്യ ബേബി
1954-ലാണ് ബേബി വിവാഹിതയായി ചാലിശ്ശേരിയിലെത്തിയത്. കാലത്തിന്റെ മാറ്റങ്ങളും കുടുംബത്തിന്റെ വളർച്ചയും ഒരുപോലെ കണ്ടറിഞ്ഞ ഈ അമ്മ ഇന്ന് നാല് ആൺമക്കളുടെയും അവരുടെ കുടുംബങ്ങളുടെയും സ്നേഹവലയത്തിലാണ്. ജോർജ്, വർഗ്ഗീസ്, പീറ്റർ, ശാമു എന്നീ മക്കളും മരുമക്കളും പേരക്കുട്ടികളും അവരുടെ മക്കളുമൊക്കെയായി നാല് തലമുറകളെ ഒരുമിച്ച് കാണുന്ന അപൂർവ ഭാഗ്യമാണ് ബേബിക്ക് ലഭിച്ചിരിക്കുന്നത്.
ജീവിതത്തിലെ സന്തോഷങ്ങളും വെല്ലുവിളികളും കരുത്തോടെ അതിജീവിച്ച ബേബി കുടുംബത്തിനാകെ ഇന്നും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമാണ്. പേരമക്കളിൽ അഞ്ചു പേരുടെയും വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് അസുലഭ നിമിഷമായി
മാതൃദിനത്തിൽ മക്കളും കൊച്ചുമക്കളും ചുറ്റിനിൽക്കുമ്പോൾ, എല്ലാവരും സന്തോഷത്തോടെ ഒന്നായി കഴിയുന്നതാണ് ഏറ്റവും വലിയ ഭാഗ്യം എന്ന വാക്കുകളാണ് ഈ അമ്മയുടെ മനസ്സുനിറയെ.
തലമുറകളെ സ്നേഹത്തോടെ ചേർത്തുനിർത്തുന്ന ബേബിയുടെ ജീവിതം മാതൃദിനത്തിൽ പുതുതലമുറയ്ക്കും കുടുംബബന്ധങ്ങളുടെ മഹത്വം ഓർമ്മിപ്പിക്കുന്ന മാതൃകയായി മാറുകയാണ്.
എല്ലാ അമ്മമാർക്കും മാതൃസ്നേഹത്തിൻ്റെ ആശംസകൾ



