പാലക്കാട്: പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠനും കോങ്ങാട് നിയുക്ത എം.എൽ.എ കെ.എ. തുളസിയും ഒരേ വീട്ടിൽ താമസം ആരംഭിച്ചതോടെ ജില്ലയിൽ അപൂർവ്വമായൊരു ജനപ്രതിനിധി കുടുംബമായി മാറി.
കോങ്ങാട് മണ്ഡലത്തിലെ അട്ടിമറി വിജയത്തിന്റെ ആവേശത്തിനൊപ്പം എം.എൽ.എ കെ.എ. തുളസി പുതിയ വാടകവീട്ടിലേക്ക് താമസം മാറുകയായിരുന്നു.
വിജയ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയതിന് പിന്നാലെ നടന്ന ആഹ്ലാദപ്രകടനങ്ങൾക്കുശേഷം ചൊവ്വാഴ്ച രാവിലെ കൽമണ്ഡപം മീനാനഗറിലെ 34-ാം നമ്പർ വീട്ടിലേക്കാണ് താമസം മാറിയത്.
ഇതോടെ പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠന്റെ കൃഷ്ണനിവാസ്’ ഇനി എം.എൽ.എയുടെ കൂടി വിലാസമായി മാറി.
ഗാന്ധിനഗറിലെ വാടകവീട്ടിൽ നിന്നാണ് ഇവർ പുതിയ വാടകവീട്ടിലേക്ക് മാറിയത്. വോട്ടെണ്ണൽ ദിനത്തിലെ കടുത്ത സമ്മർദ്ദങ്ങൾക്കിടയിലും വീടുമാറ്റത്തിനുള്ള തിരക്കിലായിരുന്നു ഇരുവരും. ചൊവ്വാഴ്ച രാവിലെ നടന്ന ലളിതമായ പാലുകാച്ചൽ ചടങ്ങിന് ശേഷം അടുത്ത സുഹൃത്തുക്കൾക്കും പാർട്ടി പ്രവർത്തകർക്കുമായി പ്രഭാതഭക്ഷണവും ഒരുക്കി.
വി.കെ. ശ്രീകണ്ഠന്റെ ഷൊർണൂരിലെ തറവാട്ടുവീട്ടിന്റെ പേരായ കൃഷ്ണനിവാസ്’ തന്നെയാണ് ഇവർ താമസിക്കുന്ന എല്ലാ വാടകവീടുകൾക്കും നൽകിവരുന്നത് എന്നതും ശ്രദ്ധേയമാണ്.



