തവനൂർ മണ്ഡല വികസനം: പദ്ധതി അവലോകന യോഗം ചേർന്നു


 എടപ്പാൾ: തവനൂർ മണ്ഡലത്തിലെ വിവിധ വകുപ്പുകളുടെ പദ്ധതി പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും പുതിയ വികസന പദ്ധതികളുടെ സാധ്യതകൾ ചർച്ച ചെയ്യുന്നതിനുമായി തവനൂർ എം.എൽ.എ അഡ്വ. വി.എസ്. ജോയിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. 


എടപ്പാളിലെ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഹാളിലായിരുന്നു യോഗം.


വിവിധ വകുപ്പുകൾ നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതി യോഗത്തിൽ വിലയിരുത്തി. ഫണ്ട് അനുവദിച്ച പദ്ധതികളുടെ നിലവിലെ സ്ഥിതിഗതികൾ പരിശോധിക്കുകയും വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവ് മൂലം മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പുനരാരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തു.


പദ്ധതികളുടെ നിർവഹണത്തിൽ നേരിടുന്ന സാങ്കേതിക തടസ്സങ്ങൾ അടിയന്തരമായി പരിഹരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദേശം നൽകി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഉദ്യോഗസ്ഥർ, കരാറുകാർ, ജനപ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക യോഗങ്ങൾ അടുത്ത ദിവസങ്ങളിൽ തന്നെ സംഘടിപ്പിക്കാനും തീരുമാനമായി.


യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഗായത്രി, ഷബ്‌ന, ജില്ലാ പഞ്ചായത്ത് അംഗം അഷ്കർ പെരുമുക്ക്, തഹസിൽദാർ, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ, വിവിധ വകുപ്പ് എൻജിനീയർമാർ, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ, ഡെപ്യൂട്ടി ഡി.എം.ഒ ഉൾപ്പെടെയുള്ള വകുപ്പ് തല ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.

Post a Comment

Previous Post Next Post