ചാവക്കാട് മരക്കമ്പനിയിൽ വൻ തീപിടുത്തം ; ലക്ഷങ്ങളുടെ മരങ്ങൾ കത്തിനശിച്ചു


 ചാവക്കാട് പഞ്ചാരമുക്കിലെ മരക്കമ്പനിയിൽ ഇന്നലെ അർദ്ധരാത്രിയിലുണ്ടായ വൻ തീപിടുത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ മരങ്ങൾ കത്തിനശിച്ചു. രാത്രി പന്ത്രണ്ടേകാലോടെയാണ് സംഭവം. ഈരാട്ടുപേട്ട സ്വദേശി റഫ്‌സൽ ഉമ്മറിന്റെ ഉടമസ്ഥതയിലുള്ളതാണ് മരക്കമ്പനി. കമ്പനിയിൽ നിന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരർ ഉടൻ തന്നെ ജീവനക്കാരെയും പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഗുരുവായൂർ, കുന്നംകുളം, നാട്ടിക എന്നിവിടങ്ങളിൽ നിന്നായി ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട കഠിനശ്രമത്തിനൊടുവിലാണ് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.ചാവക്കാട് സബ് ഇൻസ്പെക്‌ടർ പ്രീതാ ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. വിലപിടിപ്പുള്ള തേക്ക് മരങ്ങളാണ് പൂർണ്ണമായും കത്തിയമർന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.

Post a Comment

Previous Post Next Post