കനത്തമഴയെ തുടര്‍ന്ന് ഭാരതപ്പുഴയില്‍ ഉണ്ടായ കുത്തൊഴുക്കില്‍ 122 വര്‍ഷം പഴക്കമുള്ള ചെറുതുരുത്തിയിലെ പഴയ കൊച്ചിന്‍ പാലം തകര്‍ന്നു വീണു.


 കനത്തമഴയെ തുടര്‍ന്ന് ഭാരതപ്പുഴയില്‍ ഉണ്ടായ കുത്തൊഴുക്കില്‍ 122 വര്‍ഷം പഴക്കമുള്ള ചെറുതുരുത്തിയിലെ പഴയ കൊച്ചിന്‍ പാലം തകര്‍ന്നു വീണു. 2011ല്‍ പാലത്തിന്റെ നടുഭാഗം തകര്‍ന്നിരുന്നു. ഇന്ന് പെയ്ത കനത്ത മഴയിലാണ് പഴയ കൊച്ചിന്‍ പാലം തകര്‍ന്നുവീണത്.


2018ലെയും 2019ലെയും പ്രളയത്തെ കൊച്ചിന്‍ പാലം അതിജീവിച്ചിരുന്നു. ഇനിയൊരു മലവെള്ളപ്പാച്ചിലിനെ അതിജീവിക്കാന്‍ കഴിയുമോ എന്ന വര്‍ഷങ്ങളായുള്ള ആശങ്കയ്ക്കിടെയാണ് കനത്തമഴയില്‍ പാലം തകര്‍ന്നുവീണത്. ചെറുതുരുത്തി - ഷൊര്‍ണൂര്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള ഈ പാലം, കേരളപ്പിറവിക്ക് മുന്‍പ് പഴയ മദിരാശി മലബാറിനെയും തിരുവിതാംകൂര്‍ കൊച്ചിയെയും ഏകോപിപ്പിച്ചാണ് നിര്‍മിച്ചത്.


ഷൊര്‍ണൂരിലൂടെ കടന്ന് പോകുന്ന ട്രെയിന്‍ ഗതാഗതം തിരുവിതാംകൂറിലേക്ക് എത്തിക്കണമെന്ന അന്നത്തെ കൊച്ചി മഹാരാജാവ് രാമവര്‍മ്മ തമ്പുരാന്റ ആഗ്രഹമാണ് പാലം നിര്‍മാണത്തിന് പിന്നില്‍.മലബാര്‍ ഭരിച്ചിരുന്ന ബ്രിട്ടിഷ് ഗവണ്‍മെന്റ് തീവണ്ടി ഗതാഗതത്തിന് വേണ്ട ചെലവ് വഹിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ രാജകുടുംബത്തിലെ പലരുടെയും എതിര്‍പ്പിനെ അവഗണിച്ച് തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ സ്വര്‍ണത്തില്‍ തീര്‍ത്ത 14 നെറ്റിപട്ടങ്ങളും പൊതുഖജനാവിലെ പണവും ചേര്‍ത്ത് 84 ലക്ഷം രൂപയാണ് അന്ന് ഇതിനായി ഉപയോഗിച്ചത്.

Post a Comment

Previous Post Next Post