പട്ടാമ്പിയിൽ ബ്രൗൺ ഷുഗറും കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശിയെ പിടികൂടി.
പട്ടാമ്പി ബസ് സ്റ്റാൻഡിൽ നിന്നാണ് ശനിയാഴ്ച 1.053 കിലോ കഞ്ചാവ് 0 .34 ഗ്രാം ബ്രൗൺ ഷുഗർ എന്നിവയുമായി വെസ്റ്റ് ബംഗാൾ സ്വദേശിയായ നൂറുൽ ഇസ്ലാം(34) എന്നയാളെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തത്. ലഹരി മാഫിയാ സംഘങ്ങൾക്കെതിരെ ഓപ്പറേഷൻ ഡി ഹണ്ട് എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന നടപടികളുടെ ഭാഗമായി പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡി എ എൻ എസ് എ എഫ് അംഗങ്ങളുടെ സഹായത്തോടെ നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം പ്രതിയുമായി പോലീസ് പ്രതി താമസിച്ചിരുന്ന പെരിന്തൽമണ്ണയിലുള്ള വാടക വീട്ടിൽ പരിശോധന നടത്തുകയും പരിശോധനയിൽ അര കിലോയോളം കഞ്ചാവ് കണ്ടെത്തുകയും ചെയ്തു. പട്ടാമ്പി മേഖലയിലെ കോളേജ്, സ്കൂൾ വിദ്യാർത്ഥികളെയും മറ്റും ലക്ഷ്യം വെച്ച് ചില്ലറ വില്പനക്കാർക്ക് വില്പന നടത്തുന്നതിനായാണ് ഈ ലഹരി വസ്തുക്കൾ കൊണ്ട് വന്നത് എന്നാണ് സംശയിക്കുന്നത്.
പട്ടാമ്പി മേഖലയിൽ ലഹരി വില്പനയും ഉപയോഗവും നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചു വരുന്നതിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് മാസത്തിനിടെ 70 ലധികം കേസുകൾ പട്ടാമ്പി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് കഴിഞ്ഞതായും ഇത്തരത്തിൽ ഉള്ള കേസുകളിൽ ഉൾപ്പെടുന്നവർക്ക് എതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. പാലക്കാട് നാർകോട്ടിക് സെൽ ഡി വൈ എസ് പി പി. അബ്ദുൽ മുനീർ, ഷൊർണൂർ ഡി വൈ എസ് പി ആർ മനോജ് കുമാർ, പട്ടാമ്പി പോലീസ് ഇൻസ്‌പെക്ടർ പി. കെ പത്മരാജൻ, എസ് ഐ മണികണ്ഠൻ. കെ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. മയക്കുമരുന്നിന്റെ ഉറവിടത്തെ കുറിച്ചും വിതരണ ശൃംഖലയെ കുറിച്ചും അന്വേഷണം ഊർജ്ജിതമാക്കിയതായും ലഹരി കടത്തിൽ ഏർപ്പെടുന്ന കൂടുതൽ പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.


