മാലിന്യപ്ലാന്റിനെതിരെ പ്രതിരോധം വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് ശ്രീവത്സം ഗെയ്റ്റിന് സമീപം
എടപ്പാൾ: നടുവട്ടം അയിലക്കാട് റോഡിൽ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഓക്സി ഫ്ലോ കമ്പനി തുടങ്ങാൻ പോകുന്ന മാലിന്യ പ്ലാൻ്റിനെതിരെ പ്രദേശവാസികൾ രംഗത്ത് . പൊന്നാനി താലൂക്കിൽപ്പെട്ട ഹോട്ടലുകളിലേയും ബേക്കറികളിലേയും മലിനജലവും മറ്റു മാലിന്യവസ്തുക്കളും ലോറികളിൽ ശേഖരിച്ചുകൊണ്ടുവന്ന് പ്രതിദിനം 2 ലക്ഷം ലിറ്റർ മാലിന്യം സംസ്കരിക്കാൻ ഉദ്ദേശിച്ചാണ് ഇവിടെ പ്ലാൻ്റ് നിർമ്മിക്കാൻ പോകുന്നത്. നേരത്തെ മറ്റു സ്ഥലങ്ങളിൽ പ്ലാൻ്റ് നിർമ്മിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും എത്തിർപ്പ് മൂലം അവിടെ നിന്നെല്ലാം പിന്തിരിയുകയായിരുന്നു. ഇരുന്നൂറോളം കുടുംബങ്ങൾ താമസിക്കുന്ന ജനവാസ കേന്ദ്രത്തിലാണ് പ്ലാൻറ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. വീടുകളിലെ കിണറുകളിൽ മാലിന്യം ചേരാൻ ഇടയാകുമെന്നും മനുഷ്യജീവിതം ദുസ്സഹമാകുന്നതും, മലിനഗന്ധവും കൊതുകുശല്യവും അത് മൂലം രോഗം പടർന്ന് പിടിക്കാൻ സാധ്യതയുള്ളതിനാലാണ് പദ്ധതിയെ എതിർക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. പദ്ധതിക്കെതിരെ രാഷ്ട്രീയ കക്ഷികളെയും പൊതു പ്രസ്ഥാനങ്ങളെയും ഉൾകൊള്ളിച്ച് ജനകീയ സമിതി രൂപീകരിച്ച് കേരള ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ് നാട്ടുകാർ . കോടതിയുടെ പരിഗണനയിലുള്ള കേസിൽ നിർമ്മാണങ്ങൾ നടത്തുന്നത് സംബന്ധിച്ച് ചങ്ങരംകുളം പോലീസിൽ പരാതി പറഞ്ഞെങ്കിലും പദ്ധതിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും പ്ലാൻ്റ് ഉടമയുമായി സമവായത്തിൽ എത്താൻ ചങ്ങരംകുളം സി.ഐ. നിർദ്ദേശിച്ചതായും ജനകീയ സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. പദ്ധതിക്കെതിരെ വെള്ളിയാഴ്ച്ച വൈകീട്ട് 5 മണിക്ക് ജനകീയ സമിതിയുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പത്രസമ്മേളനത്തിൽ
പി.പി. മുസ്തഫ, മുഹമ്മദാലി,
കെ.പി. സൈഫുദ്ദീൻ, നടരാജൻ, ഹംസ, എം മുജീബ് ,അശോകൻ
എന്നിവർ പങ്കെടുത്തു.


