മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജലക്കമ്മീഷൻ അംഗീകരിച്ചു. ഇപ്പോൾ പരിശോധിക്കേണ്ടതില്ലെന്ന തമിഴ്‌നാടിന്റെ വാദം തള്ളി. 12 മാസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് നിർദേശം. 2011 ന് ശേഷം കേരളത്തിന്റെ ഈ ആവശ്യം അംഗീകരിക്കുന്നത് ആദ്യം. 2011 ലാണ് ഏറ്റവും അവസാനം മുല്ലപ്പെരിയാർ ഡാമിൽ സമഗ്ര സുരക്ഷാ പരിശോധന നടത്തിയത്. പ്രധാന ഡാമുകളിൽ 10 വർഷത്തിലൊരിക്കൽ സുരക്ഷാ പരിശോധന ആവശ്യമാണെന്ന് കേന്ദ്ര ജല കമ്മീഷൻ്റെ സുരക്ഷാ പുസ്തകത്തിൽ വ്യവസ്ഥയുണ്ട്.
കേരളത്തിന്റെ ആശങ്കകൾ കണക്കിലെടുത്ത് അണക്കെട്ടിൽ സമഗ്ര സുരക്ഷാ പരിശോധന ആവശ്യമാണെന്ന് ഡോ. ജോ ജോസഫ് നൽകിയ പൊതുതാത്പര്യഹർജിയിൽ 2022 ഫെബ്രുവരിയിൽ സുപ്രീംകോടതി വിധിച്ചിരുന്നു. എന്നാൽ സുരക്ഷാ പരിശോധനയെ തമിഴ്‌നാട് എതിർത്തുവരികയായിരുന്നു. അറ്റകുറ്റപണി മതിയെന്നും സുരക്ഷാ പരിശോധന വേണ്ടെന്ന നിലപാടായിരുന്നു തമിഴ് നാടിന്റേത്.


