ശബരിമല തീർഥാടകർക്കും ജീവനക്കാർക്കും അഞ്ച് ലക്ഷം രൂപ അപകട ഇൻഷുറൻസ് ഏർപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്.
വെർച്വൽ ക്യൂ സംവിധാനം വഴി ബുക്ക് ചെയ്യുന്ന തീർഥാടകർക്കും സ്ഥിരം, താൽക്കാലിക ജീവനക്കാർക്കുമാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക.
ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ അപകടത്തിൽ മരിക്കുന്ന തീർഥാടകരുടെയും ജീവനക്കാരുടെയും ആശ്രിതർക്ക് ഇൻഷുറൻസ് തുക ലഭിക്കും.
എല്ലാ സംസ്ഥാനത്ത് നിന്നും ഉള്ളവർക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. തീർഥാടനം കഴിഞ്ഞ് മടങ്ങുന്നവർക്കും ഈ നാല് ജില്ലകളിലും ഉണ്ടാകുന്ന അപകട മരണത്തിന് പരിരക്ഷ കിട്ടും.
പ്രീമിയം തുക പൂർണമായും ദേവസ്വം ബോർഡാണ് അടയ്‌ക്കുക. പരിക്ക് ഏൽക്കുന്നവർക്കുള്ള ഇൻഷുറൻസ് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നു. ഒരു വർഷത്തേക്കാണ് കവറേജ്. മണ്ഡല കാലത്തും മാസ പൂജയ്‌ക്ക് വരുമ്പോഴും പരിരക്ഷ ലഭിക്കും.
ദേവസ്വം ബോർഡിലെ സ്ഥിരം ജീവനക്കാർക്ക് കേരളത്തിൽ എവിടെ വച്ച് അപകട മരണം സംഭവിച്ചാലും അഞ്ച് ലക്ഷം രൂപ ഇൻഷുറൻസ് അനുവദിക്കും. താൽക്കാലിക ദിവസ വേതനക്കാർക്ക് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലയിൽ അപകടം ഉണ്ടായാൽ പരിരക്ഷ ലഭിക്കും.
തീർഥാടനത്തിന് ഇടയിൽ മരിക്കുന്നവരുടെ മൃതദേഹം സംസ്ഥാനത്തിന് അകത്ത് വീടുകളിൽ എത്തിക്കാൻ മുപ്പതിനായിരം രൂപയും ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ട് പോകാൻ ഒരു ലക്ഷം രൂപയും വരെ നൽകും. ഈ തുക ദേവസ്വം ബോർഡ് നേരിട്ട് അനുവദിച്ചശേഷം ഇൻഷുറൻസ് കമ്പനിയിൽ നിന്ന് ഈടാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് പി എസ് പ്രശാന്ത് പറഞ്ഞു.


