ചരിത്ര പ്രസിദ്ധമായ രായിരനെല്ലൂർ മലകയറ്റം ഇത്തവണ തുലാം മാസം രണ്ടിന്. സാധാരണയായി എല്ലാ വർഷവും തുലാം മാസം ഒന്നാം തീയതിയാണ് വിശ്വാസികള്‍ രായിരനെല്ലൂർ മല കയറാറുള്ളത്.
ഇത്തവണ തുലാമാസം ഒന്നാം തീയതിയായ ഒക്ടോബർ 17 ന് രാവിലെ ഉദയത്തിനു ശേഷമാണ് തുലാ സംക്രമം എന്നതിനാലാണ് തുലാം മാസം രണ്ടാം തീയതിയായ ഒക്ടോബർ 18ന് മല കയറ്റം നടക്കുന്നത്.
മല കയറ്റത്തിന്റെ ഭാഗമായി ഒക്ടോബർ 15 ചൊവ്വാഴ്ച മുതല്‍ മല മുകളിലെ ദുർഗ്ഗാ ദേവി ക്ഷേത്രത്തില്‍ ലക്ഷാർച്ചനയും ആരംഭിക്കും. എല്ലാ വർഷവും തുലാം മാസം ഒന്നിന് മലകയറ്റം നടത്തുന്നത് പറയിപെറ്റ പന്തിരുകുലത്തിലെ പ്രധാനിയായ നാറാണത്തു ഭ്രാന്തന്റെ സ്മരണയിലാണ്.
മല മുകളിലെ ദേവീ ക്ഷേത്രത്തില്‍ ഒക്ടോബർ 15 ന് രാവിലെ ആരംഭിക്കുന്ന ലക്ഷാർച്ചന മലകയറ്റം ദിനമായ ഒക്ടോബർ 18 നാണ് അവസാനിക്കുക എന്നും ഇത്തവണ ഒക്ടോബർ 18 ആയിരിക്കും മല കയറ്റം എന്നും നാറാണത്തു ഭ്രാന്തൻ ശ്രീദ്വാദശാക്ഷരി ട്രസ്റ്റ് ഭാരവാഹികളായ രാമൻ ഭട്ടതിരിപ്പാട്, മധുസൂദനൻ ഭട്ടതിരിപ്പാട്, കുമാരസ്വാമി ഭട്ടതിരിപ്പാട് എന്നിവർ അറിയിച്ചിട്ടുണ്ട്.


