കോതമംഗലത്ത് നാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി


 കോതമംഗലം: കോതമംഗലത്ത് നാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി. തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനെത്തിച്ച ആനകളാണ് ഏറ്റുമുട്ടിയത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കോതമംഗലം തുണ്ടം ഫോറസ്റ്റ് സ്റ്റേഷനു സമീപത്താണ് സംഭവം. പുതുപ്പള്ളി സാധു, മണികണ്ഠൻ എന്നീ ആനകളാണ് ഏറ്റുമുട്ടിയത്. ഇതിൽ പരുക്കേറ്റ പുതുപ്പള്ളി സാധു കാട്ടിലേക്ക് ഓടിപ്പോവുകയായിരുന്നു. കാട്ടിലേയ്ക്ക് കയറിപ്പോയ ആനയെ ഇതുവരെ കണ്ടെത്താൻ സാധിച്ചില്ല. ആനയ്ക്കായി വനം വകുപ്പ് ഉദ്യോഗസ്ഥരും പാപ്പാൻമാരും തിരച്ചിൽ നടത്തുകയായിരുന്നു. എന്നാൽ വനത്തിൽ തിരച്ചിൽ തുടരുന്നത് അപകടകരമായതിനാൽ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചതായി വനം വകുപ്പ് അറിയിച്ചു. നാളെ ഏഴോടെ തിരച്ചിൽ പുനരാരംഭിക്കും.


ഏറ്റുമുട്ടലിനെ തുടർന്ന് മണികണ്ഠനും കാട്ടിലേക്ക് കയറിയിരുന്നു. എന്നാൽ പിന്നീട് തിരിച്ചുവരികയായിരുന്നു. മണികണ്ഠന് കാര്യമായ പരിക്കില്ല. ഒരാഴ്ചയായി വടാട്ടുപാറയിൽ നടക്കുന്ന ഷൂട്ടിങിന് മൂന്ന് പിടിയാനയെയും രണ്ടു കൊമ്പനാനകളെയുമാണ് കൊണ്ടു വന്നിരുന്നത്.

Post a Comment

Previous Post Next Post