ആന എഴുന്നള്ളിപ്പിനെ തകർക്കുന്ന നടപടികൾ അവസാനിപ്പിക്കുക ആചാര സംരക്ഷണത്തിന് സർക്കാർ നിയമം നിർമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തൃശ്ശൂരിൽ വായ്‌മൂടി കെട്ടി പ്രതിഷേധം
.പൂരപ്രേമി സംഘത്തിൻറെ ആഭിമുഖ്യത്തിൽ തൃശൂർ പൂരത്തിന്റെ തെക്കോട്ട് ഇറക്കം നടക്കുന്ന തെക്കേഗോപുര പ്രദക്ഷിണ വഴിയിലാണ് വൈകീട്ട് പ്രതിഷേധം നടന്നത്.പൂരപ്രേമി സംഘം പ്രസിഡണ്ട് ബൈജു താഴെക്കാട് അധ്യക്ഷത വഹിച്ചു ജനറൽ കൺവീനർ വിനോദ് കണ്ടെങ്കാവിൽ സെക്രട്ടറി അനിൽകുമാർ മോച്ചാട്ടിൽ, നന്ദൻ വാകയിൽ തുടങ്ങി നിരവധി പേർ പങ്കെടുത്തു. ആനയുടെ നെറ്റിപ്പട്ടം ഏന്തിയായിരുന്നു പ്രതിഷേധം. ആനയെഴുന്നള്ളിപ്പിന് ഹൈക്കോടതി കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നതോടെ പൂരം നടത്തിപ്പ് ഏറെക്കുറേ അസാധ്യമായിരിക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു. തൃപ്പൂണിത്തിറ ഉത്സവത്തിൽ പഞ്ചാരിമേളം ഒരു മണിക്കൂറിൽ അവസാനിപ്പിക്കേണ്ടി വന്നത് ആനയെഴുന്നള്ളിപ്പ് നിയന്ത്രണം മൂലമാണെന്ന് ജനറൽ സെക്രട്ടറി വിനോദ് കണ്ടേങ്കാവിൽ പറഞ്ഞു. ഇത് മേളാസ്വാദകരെ നിരാശപ്പെടുത്തി. ആചാരങ്ങൾ സംരക്ഷിക്കപ്പെടുന്നതു വരേയും സമരവഴിയിൽ തുടരുമെന്നും ഭാരവാഹികൾ പറഞ്ഞു. ഏതാനും ദിവസങ്ങൾക്കു മുമ്പ് തെക്കേ ഗോപുരനടയിൽ പ്രതീകാത്മക പൂരം നടത്തി പ്രതിഷേധിച്ചിരുന്നു.