ബാലാമണിയമ്മ പുരസ്കാരം ഡോ. ചാത്തനാത്ത് അച്യുതനുണ്ണിക്ക്

 

ബാലാമണിയമ്മ പുരസ്കാരം ഡോ. ചാത്തനാത്ത് അച്യുതനുണ്ണിക്ക്


എടപ്പാൾ:അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിലുള്ള, മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള ബാലാമണിയമ്മ പുരസ്കാരം ഡോ. ചാത്തനാത്ത് അച്യുതനുണ്ണിക്ക്.  


കെ എൽ മോഹനവർമ്മ, പ്രഫ. എം തോമസ് മാത്യു, പായിപ്ര രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന സമിതി യാണ് പുരസ്കാര നിർണയം നടത്തിയത്. സംസ്കൃതത്തെയും മലയാളത്തെയും ഒരേപോലെ സ്നേഹിക്കുകയും സമ്പന്നമാക്കുകയും ചെയ്ത അധ്യാപക ശ്രേഷ്ഠനാണ് ചാത്തനാത്ത് അച്യുതനുണ്ണി. 


പൗരസ്ത്യ കാവ്യ സാഹിത്യ സംസ്കൃതിയിലേക്കും മീമാംസയിലേക്കും സഞ്ചരിച്ച് അവ ആഴത്തിൽ ആസ്വാദക ലോകത്തിനായി ഡോ. ചാത്തനാത്ത് അവതരിപ്പിച്ചു. 

കവി, നോവലിസ്റ്റ്, വ്യാഖ്യാതാവ്, ഭാഷാശാസ്ത്ര വിദഗ്ധൻ, എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രശസ്തൻ. 18 ഗ്രന്ഥങ്ങളാണ് പൗരസ്ത്യ സാഹിത്യ ദർശനത്തിൽ മാത്രം അദ്ദേഹം രചിച്ചത്.  


അമ്പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും ആണ് പുരസ്കാരം. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വച്ച് ഡിസംബർ ഒന്നിന് വൈകിട്ട് 5 മണിക്ക് പുരസ്കാരം സമർപ്പിക്കും. കേന്ദ്ര- കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ മുൻ വർഷങ്ങളിൽ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 


2019 ൽ ഭാരത പ്രസിഡന്റിന്റെ സർട്ടിഫിക്കറ്റ് ഓണർ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു.

Post a Comment

Previous Post Next Post