അന്തർദേശീയ ശാസ്ത്രചലച്ചിത്രോത്സവം തുടങ്ങി

തൃശ്ശൂർ: കേരളത്തിലെ ആദ്യത്തെ ശാസ്ത്രചലച്ചിത്രോത്സവം രാമവർമ്മപുരം വിജ്ഞാൻസാഗർ ശാസ്ത്രസാങ്കേതിക പാർക്കിൽ തുടങ്ങി. തൃശ്ശൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് ഉദ്ഘാടനം ചെയ്തു. ജനങ്ങളിൽ ശാസ്ത്രബോധം പകരാനും അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കാനും ശാസ്ത്രസിനിമകൾ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ആദ്യത്തെ ശാസ്ത്രചലച്ചിത്രോത്സവത്തിന് ആതിഥ്യമേകാൻ കഴിഞ്ഞതിൽ തൃശ്ശൂരുകാർക്ക് അഭിമാനിക്കാമെന്ന് അദ്ദേഹം പറഞ്ഞു.


വിനോദ് മങ്കര സംവിധാനം ചെയ്ത 'യാനം' ആണ് ഉദ്ഘാടനചിത്രമായി പ്രദർശിപ്പിച്ചത്.

ലോകത്തെ ആദ്യത്തെ സംസ്കൃതഭാഷയിലുള്ള ശാസ്ത്രസിനിമയായ യാനം ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ.രാധാകൃഷ്ണന്‍റെ 'മൈ ഒഡിസ്സി' എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ്. ഇന്ത്യയുടെ മംഗള്‍യാന്‍ ദൗത്യത്തെക്കുറിച്ചാണ് സിനിമ പറയുന്നത്.


തൃശ്ശൂർ ജില്ലാപഞ്ചായത്ത്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, തൃശ്ശൂർ ചലച്ചിത്രകേന്ദ്രം, IFFT, ഭൗമം, വിജ്ഞാൻസാഗർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ചലച്ചിത്രോത്സവം സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലയിലെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരും പൊതുജനങ്ങളുമാണ് ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കുന്നത്.

പ്രശസ്തമായ ശാസ്ത്രസിനിമകളുടെ പ്രദർശനം, ശാസ്ത്രക്വിസ് മത്സരം, ശാസ്ത്രത്തിൻ്റെ ദർശനത്തെപ്പറ്റിയുള്ള പ്രഭാഷണം, റോബോട്ടിക്സ്, സ്കൂളുകൾ തയ്യാറാക്കിയ ഹ്രസ്വസിനിമകളുടെ പ്രദർശനം എന്നിവ സമാന്തരമായി വ്യത്യസ്ത വേദികളിൽ നടന്നു.


ചലച്ചിത്രോത്സവം ഡയറക്ടർ കെ.പി.രവിപ്രകാശ് അധ്യക്ഷത വഹിച്ചു. 

ജെ.മുഹമ്മദ് ഷാഫി, പ്രകാശ് ശ്രീധർ, ചെറിയാൻ ജോസഫ്, ഡോ.കെ.കെ.അബ്ദുള്ള, പി.ഐ.ജോമി, സി.ടി.അജിത് കുമാർ, കെ.കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post