ഉന്നത വിദ്യാഭ്യാസ രംഗത്ത് നിന്ന് സർക്കാർ പിന്മാറരുത്: കെ.പി.സി.ടി.എ
തൃശൂർ: ഉന്നത വിദ്യാഭ്യാസ രംഗത്ത് നിന്ന് സർക്കാർ പിന്മാറരുതെന്ന് കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ (കെ.പി.സി.ടി.എ) സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികളുടെ എണ്ണത്തിനനുസരിച്ചു അധ്യാപക തസ്തികകൾ പുനര്നിര്ണയിക്കാനുള്ള സർക്കാരിന്റെ നീക്കം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി. ഐ ഐ ടി, ഐ ഐ എസ് സി പോലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ കുട്ടികളുടെ എണ്ണം നോക്കാതെ മികച്ച വിദ്യാഭ്യാസത്തിനു മുൻഗണന നൽകുമ്പോൾ കേരളത്തിൽ എണ്ണം പറഞ്ഞു കൊണ്ട് ഉന്നത സൗജന്യ ഉന്നത വിദ്യാഭാസത്തിൽ നിന്നും പിന്മാറാൻ സർക്കാർ ശ്രമിക്കുന്നത് അത്യന്തം ആപത്കരമാണെന്നും രാജ്യത്തിൻറെ പുരോഗതിയെ തളർത്തുന്ന നയമാണെന്നും സമ്മേളനം വിലയിരുത്തി. സർവകലാശാലകളുടെ സ്വയംഭരണത്തിൽ കൈകടത്തുന്ന സർക്കാർ നയം ശരിയല്ലെന്നും സ്വയംഭരണാധികാരമുള്ള സർവകലാശാലകളുടെ തനതു ഫണ്ട് ട്രഷറിയിലേക്കു മാറ്റിയശേഷം ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനമായ സർവകലാശാല സ്വയം ഫണ്ട് കണ്ടെത്തണം എന്ന് പറയുന്നത് ആത്മഹത്യ പരമാണെന്നും ഉന്നത വിദ്യാഭ്യാസ മേഖലയോടുള്ള സർക്കാരിന്റെ അവഹേളനമാണെന്നും സമ്മേളനം വിലയിരുത്തി. ഉന്നത വിദ്യാഭ്യാസത്തെ സംരക്ഷിക്കാൻ എന്ത് വിലകൊടുത്തും മുന്നോട്ടു പോകുമെന്നും സർക്കാരിന്റെ അധ്യാപക വിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായി മുന്നോട്ടു പോകുമെന്നും ക്യാമ്പിൽ പങ്കെടുത്ത അധ്യാപക പ്രതിനിധികൾ പറഞ്ഞു. കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നായി സംസ്ഥന നേതാക്കളും ജില്ലാ ഭാരവാഹികളും നേതാക്കളും പങ്കെടുത്തു. സംസ്ഥാന പ്രസിഡണ്ട് ആർ. അരുൺ കുമാർ ൻ്റെ നേതൃത്വത്തിൽ രണ്ടു ദിവസമായി നടക്കുന്ന ക്യാമ്പ് ഉന്നത വിദ്യാഭ്യാസ രംഗത്തെ വിവിധ വെല്ലുവിളികളെ ചർച്ചക്കെടുത്തു. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ നയങ്ങൾ രൂപീകരിച്ചു. സമാപന സമ്മേളനത്തിൽ സംഘടനയുടെ മുൻ പ്രസിഡണ്ടുമാരായ ഡോ. കെ. ജോബി തോമസ്, ഡോ. ടി. മുഹമ്മദലി, വൈസ് പ്രസിഡന്റ് ഡോ ബിജു ജോൺ എം, ജനറൽ സെക്രട്ടറി പ്രേമചന്ദ്രൻ കീഴോത്ത്, ട്രഷറർ റോണി ജോർജ്ജ്, സെക്രട്ടറി ടി.കെ ഉമർ ഫാറൂഖ് കേരള സർവ്വകലാശാല സെനറ്റ് മെമ്പർമാരായ ഡോ. ബിജു എ, ഡോ. വിഷ്ണു ഗോപൻ, കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മുഹമ്മദ് നിഷാദ് എന്നിവർ സംസാരിച്ചു. കാലിക്കറ്റ് സർവകലാശാല റീജിയൻ പ്രസിഡന്റ് ഡോ കെ ജെ വര്ഗീസ്, സെക്രട്ടറി ഡോ റഫീക്ക് പി, ലൈസൻ ഓഫീസർ ഡോ പി കബീർ ത്യശൂർ ജില്ലാ പ്രസിഡന്റ് ഡോ ചാക്കോ വി എം, സെക്രട്ടറി ഡോ ആദർശ് സി, മ്യുച്വൽ എയ്ഡ് സെക്രട്ടറി ശ്രീ രഞ്ജിത് വർഗീസ് തുടങ്ങിയവരാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.