പരീക്ഷണ ഓട്ടം വിജയകരം; കൊച്ചി മെട്രോ ഇലക്ട്രിക് ബസ്സ് അടുത്തയാഴ്ച നിരത്തിലേക്ക്


 പരീക്ഷണ ഓട്ടം വിജയകരം; കൊച്ചി മെട്രോ ഇലക്ട്രിക് ബസ്സ് അടുത്തയാഴ്ച നിരത്തിലേക്ക് .പ്രധാന മെട്രോ സ്റ്റേഷനുകളെ കോർത്തിണക്കിയുള്ള ഇലക്ട്രിക് ബസ്സ് സർവീസ് അടുത്തയാഴ്ച ആരംഭിക്കും. 'മെട്രോ കണക്ട്' എന്ന ഇലക്ട്രിക് ബസ്സ് സർവീസ് ആരംഭിക്കുന്നതിന് മുമ്പുള്ള പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തീകരിച്ചു. ആലുവ- ഇൻ്റർനാഷനൽ എയർപോർട്ട്, കളമശ്ശേരി മെഡിക്കൽ കോളേജ്,

ഹൈക്കോർട്ട്- എം.ജി റോഡ് സർക്കുലർ, കടവന്ത്ര- കെ.പി വള്ളോൻ റോഡ് സർക്കുലർ, കാക്കനാട് വാട്ടർ മെട്രോ- ഇൻഫോപാർക്ക്, കിൻഫ്ര പാർക്ക്- കലക്ടറേറ്റ് റൂട്ടുകളിലാണ് തുടക്കത്തിൽ ഇലക്ട്രിക് ബസ്സ് സർവീസുകൾ ആരംഭിക്കുന്നത്. 


ആലുവ- എയർപോർട്ട് റൂട്ടിൽ 80 രൂപയും മറ്റു റൂട്ടുകളിൽ അഞ്ച് കിലോമീറ്റർ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് എ.സി ബസ്സിലെ യാത്രാനിരക്ക്. കൊച്ചി മെട്രോ സ്റ്റേഷനിലേക്കുള്ള ഫസ്റ്റ് മൈൽ ലാസ്റ്റ് മൈൽ കണക്ടിവിറ്റി വർധിപ്പിക്കാനുള്ള നീക്കത്തിൻ്റെ ഭാഗമായാണ് 15 ഇലക്ട്രിക് ബസ്സുകൾ വാങ്ങി കൊച്ചി മെട്രോ സർവീസ് നടത്തുന്നതെന്ന് കെ.എം. ആർ.എൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു.


കൊച്ചി മെട്രോയിലേതിന് സമാനമായ യാത്രാസൗകര്യങ്ങളോടെയാണ് ഇ- ബസ്സുകൾ സജ്ജമാക്കിയിരിക്കുന്നത്. 33 സീറ്റുകളാണ് ബസ്സിലുള്ളത്. മുട്ടം, കലൂർ,വൈറ്റില, ആലുവ എന്നിവിടങ്ങളിലാണ് ചാർജിങ് സ്റ്റേഷനുകൾ. ഡിജിറ്റൽ പേയ്മെൻറ്റ് വഴിയും ടിക്കറ്റ് എടുക്കാം.

എയർപോർട്ട് റൂട്ടിൽ നാലു ബസ്സുകളും കളമശ്ശേരി റൂട്ടിൽ രണ്ട് ബസ്സുകളും ഇൻഫോപാർക്ക് റൂട്ടിൽ ഒരു ബസ്സും കലക്ടറേറ്റ് റൂട്ടിൽ രണ്ട് ബസ്സുകളും ഹൈക്കോർട്ട് റൂട്ടിൽ മൂന്നു ബസ്സുകളും കടവന്ത്ര റൂട്ടിൽ ഒരു ബസ്സുമാണ് സർവീസ് നടത്തുന്നതെന്ന് കൊച്ചി മെട്രോ അഡീഷണൽ ജനറൽ മാനേജർ (അർബൺ ട്രാൻസ്പോർട്ട്) ഗോകുൽ ടി.ജി പറഞ്ഞു. എയർപോർട്ട് റൂട്ടിൽ തിരക്കുള്ള സമയങ്ങളിൽ 20 മിനിറ്റും തിരക്കില്ലാത്ത സമയങ്ങളിൽ 30 മിനിറ്റും ഇടവിട്ട് സർവീസുകൾ ഉണ്ടാകും. രാവിലെ 6.45ന് സർവീസ് ആരംഭിക്കും. രാത്രി 11 മണിക്കാണ് എയർപോർട്ടിൽനിന്ന് ആലുവയിലേക്കുള്ള അവസാന സർവീസ്. കളമശ്ശേരി- മെഡിക്കൽ കോളേജ് റൂട്ടിൽ 30 മിനിറ്റ് ഇടവിട്ട് സർവീസ് ഉണ്ടാകും. രാവിലെ 8.30 മുതൽ വൈകീട്ട് 7.30 വരെയാണ് സർവീസ്. കാക്കനാട് വാട്ടർ മെട്രോ -കിൻഫ്ര -ഇൻഫോപാർക്ക് റൂട്ടിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 7 വരെ 25 മിനിറ്റ് ഇടവിട്ട് സർവീസ് ഉണ്ടാകും. കാക്കനാട് വാട്ടർ മെട്രോ -കലക്ടറേറ്റ് റൂട്ടിൽ 20 മിനിറ്റ് ഇടവിട്ട് രാവിലെ 8 മണി മുതൽ വൈകിട്ട് 7.30 വരെ സർവീസ് ഉണ്ടാകും. ഹൈക്കോർട്ട്- എം.ജി റോഡ് സർക്കുലർ റൂട്ടിൽ 10 മിനിറ്റ് ഇടവിട്ട് രാവിലെ 8.30 മുതൽ വൈകീട്ട് 7.30 വരെയും കടവന്ത്ര കെ .പി വള്ളോൻ റോഡ് - പനമ്പിള്ളി നഗർ റൂട്ടിൽ 25 മിനിറ്റ് ഇടവിട്ട് രാവിലെ 9 മണിമുതൽ വൈകീട്ട് എഴ് മണിവരെയും സർവീസ് ഉണ്ടാകും.

Post a Comment

Previous Post Next Post