കരീബിയൻ കടലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. കേമാൻ ദ്വീപുകളുടെ തീരത്ത് നിന്നും ഏകദേശം 130 മൈൽ അകലെയാണ് ഭൂചലനം ഉണ്ടായത്. പ്യൂർട്ടോ റിക്കോയ്ക്കും യുഎസ് വിർജിൻ ദ്വീപുകൾക്കും സുനാമി മുന്നറിയിപ്പ് നൽകി. ക്യൂബയുടെ തീരപ്രദേശങ്ങളിൽ വേലിയേറ്റ നിരപ്പിൽ നിന്ന് ഒന്ന് മുതൽ മൂന്ന് മീറ്റർ വരെ ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടന്ന് യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
നിലവിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. തീരപ്രദേശങ്ങളിൽ താമസിക്കുന്നവരോട് ജാഗ്രത പാലിക്കാനും ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.


