ചിനക്കത്തൂർ പൂരം ഇന്ന് : പാതയിൽ ഗതാഗത നിയന്ത്രണം
ഒറ്റപ്പാലം ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ചു ബുധനാഴ്ച പാലക്കാട്–കുളപ്പുള്ളി പ്രധാന പാതയിൽ ഗതാഗത നിയന്ത്രണം. ഉച്ചയ്ക്ക് ഒന്നു മുതൽ രാത്രി 9 വരെയാണിതെന്നു പൊലീസ് അറിയിച്ചു. പാലക്കാടു ഭാഗത്തു നിന്നുള്ള വാഹനങ്ങൾ മംഗലത്തു നിന്നു തിരിഞ്ഞു മുളഞ്ഞൂർ മുരുക്കുംപറ്റ, വരോട്, കോതകുറുശി വഴി വാണിയംകുളത്തേക്കു പോകണം. കുളപ്പുള്ളി ഭാഗത്തു നിന്നു പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ വാണിയംകുളത്തു നിന്നു തിരിഞ്ഞു മംഗലത്തേക്കു പോകണം. മായന്നൂർ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ പാലം പരിസരത്തു ടോൾ പ്ലാസയ്ക്കു സമീപത്തു നിന്നു തിരിഞ്ഞുപോകണം. പോക്കറ്റ് റോഡുകളിൽ നിന്നുള്ള വാഹനങ്ങൾ ഹൈവേയിൽ പ്രവേശിക്കാൻ അനുവദിക്കില്ല. കയറംപാറ മുതൽ ലക്കിടി കൂട്ടുപാത വരെയുള്ള ഭാഗങ്ങളിൽ പാതയോരത്തു പാർക്കിങ് അനുവദിക്കില്ല. പൊലീസ്, ആംബുലൻസ്, ഫയർഫോഴ്സ് ഉൾപ്പെടെ വിവിധ വകുപ്പുകളുടെ വാഹനങ്ങൾക്കും പാസുള്ള വാഹനങ്ങൾക്കും നിയന്ത്രണം ബാധകമല്ലെന്നു പൊലീസ് അറിയിച്ചു.


