കേരളത്തിലെ സ്ത്രീകളുടെ ശാക്തീകരണത്തിൽ മുഖ്യ പങ്ക് കുടുംബശ്രീയ്ക്ക് : മന്ത്രി എം. ബി രാജേഷ്.കുടുംബശ്രീ സ്നേഹിത എക്സ്റ്റെൻഷൻ ആരംഭിച്ചു

കേരളത്തിലെ സ്ത്രീകൾ സാമൂഹികമായും സാംസ്കാരികമായും സാമ്പത്തിക-രാഷ്ട്രീയ ബഹുമുഖ തലങ്ങളിൽ ശാക്തീകരിക്കപെട്ടിട്ടുണ്ടെന്നും അതിൽ കുടുംബശ്രീ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. കേരളത്തിന്റെ എല്ലാ മേഖലകളിലും കുടുംബശ്രീ അതിന്റെ മുഖമുദ്ര ചാർത്തിയിട്ടുണ്ട്. ഈ നിലയിൽ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇടപെടുന്ന പ്രസ്ഥാനം എന്ന നിലയിൽ കുടുംബശ്രീ അതിന്റെ പ്രവർത്തനങ്ങളെ പുതിയ തലങ്ങളിലേക്ക് ഉയർത്തുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. 

                    സംസ്ഥാനത്തെ എല്ലാ ഡി.വൈ.എസ്.പി/എ.സി.പി ഓഫിസുകളിലും കുടുംബശ്രീ സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നതിൻ്റെ സംസ്ഥാന തല ഉദ്ഘാടനം പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനിലെ ഡിവൈ.എസ്.പി ഓഫീസില്‍ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 


അഭ്യന്തര വകുപ്പുമായി ചേർന്ന് സംസ്ഥാനത്തെ ഡിവൈ.എസ്.പി/എ.സി.പി ഓഫിസുകളുടെ പരിധിയില്‍ വരുന്ന പൊലീസ് സ്റ്റേഷനുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരില്‍ അടിയന്തിര മാനസിക പിന്തുണയും ക്ഷേമവും ആവശ്യമുള്ളവര്‍ക്ക് കുടുംബശ്രീ കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരെ ചുമതലപ്പെടുത്തി മാനസിക പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെന്ററുകള്‍ നടപ്പാക്കുന്നത്. 

  പാലക്കാട് ജില്ലയില്‍ ചിറ്റൂര്‍ ഡിവൈ.എസ്.പി ഓഫിസ് പരിധിയിലെ പുതുനഗരം പൊലീസ് സ്റ്റേഷന്‍, ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി ഓഫിസ് പരിധിയിലെ ഒറ്റപ്പാലം പൊലീസ് സ്റ്റേഷന്‍, പാലക്കാട് ഡിവൈ.എസ്.പി ഓഫിസ്, മണ്ണാര്‍ക്കാട് ഡിവൈ.എസ്.പി ഓഫിസ്, ആലത്തൂര്‍ ഡിവൈ.എസ്.പി ഓഫിസ് പരിധിയിലെ വടക്കഞ്ചേരി പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നത്.

ആഴ്ചയില്‍ രണ്ട് ദിവസമാണ് എക്സ്റ്റന്‍ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുക. വനിതാ-ശിശു സൗഹൃദമായ കൗണ്‍സിലിങ് മുറി, ശുചിമുറി സൗകര്യം, കുടിവെള്ളം എന്നിവ സെന്ററില്‍ ഉണ്ടാകും. കുട്ടികള്‍ക്കായി കളിപ്പാട്ടങ്ങളും ഉണ്ടായിരിക്കും. പരിശീലനം ലഭിച്ച കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ സേവനവും ലഭ്യമാണ്. കുടുംബശ്രീ സംവിധാനമോ ആവശ്യമായ സര്‍ക്കാര്‍ സംവിധാനങ്ങളോ ഉപയോഗിച്ച് ആവശ്യമായ കേസുകളില്‍ പുനരധിവാസം നല്‍കും. സെന്ററിലെ കൗണ്‍സിലര്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ പിന്തുണ പൊലീസ് ഉറപ്പുവരുത്തണം. പൊലീസ് സ്റ്റേഷനില്‍ എത്തുന്ന ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍, കുട്ടികളുമായി ബന്ധപ്പെട്ട കേസുകള്‍, കുടുംബ പ്രശ്നങ്ങള്‍, മാനസിക പിന്തുണ ആവശ്യമായ മറ്റ് കേസുകള്‍ എക്സ്റ്റന്‍ഷന്‍ സെന്ററിലേക്ക് റഫര്‍ ചെയ്യുക. ഇത്തരം കേസുകള്‍ സ്റ്റേഷനിലെ പ്രത്യേകം രജിസ്റ്ററില്‍ രേഖപ്പെടുത്തും. എക്സ്റ്റന്‍ഷന്‍ സെന്ററുകളുടെ ക്രിയാത്മക പ്രവര്‍ത്തനത്തിന് എക്സ്റ്റന്‍ഷന്‍ സെന്റര്‍തല കമ്മിറ്റി, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ ത്രിതല നിരീക്ഷണ സംവിധാനം പ്രവര്‍ത്തിക്കും.

മാനസിക പിന്തുണ/കൗണ്‍സിലിങ് സേവനം ലഭ്യമാക്കുന്നതിലൂടെ പരാതി വ്യവഹാരതലം മെച്ചപ്പെടുത്തുവാന്‍ പൊലീസ് വകുപ്പിനും നിയമ സംവിധാനങ്ങള്‍ക്കും സഹായകമാകുക, പരാതിക്കാര്‍ക്ക് നല്‍കുന്ന സേവനത്തിലൂടെ അവരുടെ മാനസികതലം അവലോകനം ചെയ്യുക, അതുവഴി ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നം അഭിമുഖീകരിക്കുന്നവര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നതിനായി റഫറല്‍ സംവിധാനത്തിലൂടെ മാനസികാരോഗ്യ വിദഗ്ധരുടെ ചികിത്സ ഉറപ്പാക്കുക, മാനസികനില മുന്‍കൂട്ടി പരിശോധിക്കുന്നതിലൂടെ വ്യക്തികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പൊതുസമൂഹത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വിവിധ പ്രശ്നങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും തോത് കുറക്കാന്‍ സഹായിക്കുക എന്നിവയാണ് എക്സ്റ്റന്‍ഷന്‍ സെന്ററുകളുടെ ലക്ഷ്യങ്ങള്‍. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട/ദുര്‍ബല ജനവിഭാഗങ്ങള്‍ നേരിടുന്ന ചൂഷണങ്ങളും അതിക്രമങ്ങളും ഇല്ലാതാക്കാനും അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കി മുന്‍നിരയിലേക്ക് എത്തിക്കാനും എക്സ്റ്റന്‍ഷന്‍ സെന്റര്‍ ലക്ഷ്യമിടുന്നു. 

                        ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ കെ ബിനുമോൾ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ഓഫ് പോലീസ് എ ആദംഖാൻ സ്വാഗതം നിർവ്വഹിച്ചു. കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ കെ കെ ചന്ദ്രദാസ് റിപ്പോർട്ട്‌ അവതരണം നടത്തി. ജില്ലാ പോലീസ് മേധാവി അജിത് കുമാർ ഐ പി എസ്, അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് രാജേഷ് കുമാർ ഐ പി എസ് എന്നിവർ വിശിഷ്‌ടാതിഥികളായി. പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ, അഡിഷണൽ സൂപ്രണ്ട് ഓഫ് പോലീസ് പി സി ഹരിദാസൻ,, പാലക്കാട്‌ സൗത്ത് കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പി ഡി റീത്ത, പാലക്കാട്‌ നോർത്ത് കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ കെ സുലോചന, ജില്ലാ പഞ്ചായത്ത് അംഗം സുബാഷ്, വാർഡ്‌ കൗൺസിലർ ശൈലജ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. കുടുംബശ്രീ എ ഡി എം സി അനുരാധ നന്ദി പറഞ്ഞു. കുടുംബശ്രീ മിഷൻ ഉദ്രോഗസ്ഥർ, പോലീസ് ഉദ്രോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post