ഗുരുവായൂരിൽ ചത്ത കോഴികളെ സൂക്ഷിച്ച ഇറച്ചിക്കടക്ക് 25000 രൂപ പിഴ ഈടാക്കാൻ നഗരസഭനോട്ടീസ് നൽകി.
തമ്പുരാൻപടിയിലെ ഹലാൽ മീറ്റ് സെന്ററിനാണ് നഗരസഭ നോട്ടീസ് നൽകിയത്. പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാരാണ് നഗരസഭ ആരോഗ്യ വിഭാഗത്തെ വിവരമറിയിച്ചത്. ഹെൽത്ത് ഇൻസ്പെക്ടർ സി. ലക്ഷ്മിയുടെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പത്തിലധികം ചത്ത കോഴികളെയാണ് പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേ തുടർന്നാണ് ഏഴു ദിവസത്തിനകം പിഴയടക്കാൻ നോട്ടീസ് നൽകിയത്. ചത്ത കോഴികളടക്കമുള്ള മാലിന്യങ്ങൾ എരുമപ്പെട്ടിയിലെ റെൻഡറിങ് പ്ലാന്റിലെത്തിച്ച് സംസ്കരിക്കാനും ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. എന്നാൽ ഇതിന് കൊണ്ടുവന്ന വാഹനത്തിന് നമ്പർ പ്ലേറ്റ് ഇല്ലാത്തതിനാൽ നാട്ടുകാർ തടഞ്ഞു. മാലിന്യങ്ങൾ രാത്രിയിൽ പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നതിനാണ് നമ്പർ പ്ലേറ്റ് സ്ഥാപിക്കാതിരുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.


