ദീർഘയാത്രക്കിടയിൽ മാലിന്യം വലിച്ചെറിഞ്ഞു.തിരുമിറ്റക്കോട് പഞ്ചായത്ത്ആരോഗ്യ വിഭാഗം ആളെ കണ്ടെത്തി 25000 രൂപ പിഴ ചുമത്തി.
കൂറ്റനാട്:ദീർഘയാത്രക്കാർ ശ്രദ്ധിക്കുക. യാത്രക്കിടയിൽ നിങ്ങൾ വലിച്ചെറിയുന്ന ഭക്ഷ്യാവശിഷ്ടങ്ങളോ കാലിക്കുപ്പികളോ, എന്തുമാകട്ടെ പൊതുനിരത്തിലേക്കാണ് തള്ളുന്നതെങ്കിൽ അർദ്ധരാത്രിയുടെ മറവിലായാലും ശരി, ചിലപ്പോൾ നിങ്ങൾക്ക് പിടി വിഴാം.രാത്രിയിൽ പാതയോരത്ത് മാലിന്യം വലിച്ചെറിഞ്ഞയാളെ ഏറെ സാഹസപ്പെട്ട് കൈയോടെ പൊക്കി 25000 രൂപ പിഴ ചുമത്തിയത് തിരുമിറ്റക്കോട് പഞ്ചായത്തിലെ ശുചിത്വ വിഭാഗം ഉദ്യോഗസ്ഥർ.
തിരുമിറ്റക്കോട് പഞ്ചായത്തിലെ 2-ാം വാർഡിൽ കോഴിക്കോട്ടിരി പാലത്തിനടുത്ത് ശനിയാഴ്ച രാവിലെയാണ് ഒഴിഞ്ഞ കുപ്പികളും പ്ലാസ്റ്റിക് കവറുകളും ഭക്ഷ്യാവശിഷ്ടങ്ങളുമടങ്ങിയ വലിയ കിറ്റുകൾ കാണാനിടയായത്.
സംഭവമറിഞ്ഞെത്തിയ വാർഡ് മെമ്പർ കെ.പി.വിബിലേഷ് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സുജിത് ലാലിനെ വിവരമറിയിച്ചു.
വഴിയോരത്ത് തള്ളിയ മാലിന്യങ്ങൾ ശേഖരിക്കുന്നതിനിടയിലാണ് ഒഴിഞ്ഞ കുറേ പാർസൽ കവറുകൾ ഇവരുടെ ശ്രദ്ധയിൽ പെട്ടത്. അതിലുള്ള വിലാസത്തിൽ കോട്ടയത്തെ പ്രമുഖമായ സ്ഥാപനത്തിൻ്റെ (കോളേജിൻ്റെ) വിലാസം കണ്ടെത്തി. കൂട്ടത്തിൽ പാർസൽ കവറിൽ കുറേ ക്യുആർ കോഡ് നമ്പറുകളും. പിന്നീട്,
ഇതിലൂടെഉടമയെ കണ്ടെത്താനുള്ള ശ്രമമാണ് മാലിന്യം തള്ളിയവരെ കണ്ടെത്താനിടയായത്. കോട്ടയത്ത് നിന്ന് കോഴിക്കോട്ടേക്ക് കാർമാർഗ്ഗം പോവുകയായിരുന്ന യുവാക്കളാണ് കാറിൽ നിന്ന് മാലിന്യം പാലത്തിന് സമീപം തള്ളിയതെന്ന് വിവിധതലങ്ങളിലൂടെ നടത്തിയ അന്വേഷണത്തിൽ സുജിത്ത് ലാലും സംഘവും തിരിച്ചറിഞ്ഞത്. പാർസൽ കവറിനുമുകളിലുണ്ടായിരുന്ന കോഡ് നമ്പറിൽ നിന്ന് പാർസൽ കമ്പനിയിലേക്ക് വിളിച്ചതോടെ കവറിൻ്റെ ഉടമയുടെ നമ്പർ കണ്ടെത്താനായി. മാത്രവുമല്ല, രാത്രിയിൽ ഇതുവഴി പോയ വാഹനങ്ങളുടെ വിവരം ശേഖരിക്കാൻ സി.സി.ടി.വികളും നിരീക്ഷിച്ചു. കവറിൻ്റെ ഉടമയുടെ നമ്പറിൽ വിളിച്ചപ്പോൾ തലേ ദിവസം ഗൂഗിൾ വഴി തെറ്റിച്ചതിനാൽ ഈ പാതയിലൂടെ പോകാനിടയായെന്ന് യുവാക്കൾ ആദ്യം തന്നെ സമ്മതിച്ചു. മാലിന്യം തള്ളിയ വിവരം ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് പാർസൽ കവറുകളുടെയും മറ്റും കാര്യങ്ങൾ സൂചിപ്പിച്ചപ്പോൾ ചെയ്ത പിശക് അംഗീകരിക്കുകയും യുവാക്കൾ പിഴ അടക്കാൻ തയ്യാറാണെന്നും അറിയിച്ചു.ആരോഗ്യ വിഭാഗം
25000 രൂപയാണ് പിഴചുമത്തിയത്. പൊതു സ്ഥലത്ത് മാലിന്യം തള്ളുന്നവരുടെ പേരിൽ കർശനമായ നടപടികൾ തുടരുമെന്ന് തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡൻ്റ് ടി.സുഹ്റ , സെക്രട്ടറി ജിനചന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ സുജിത്ത് ലാൽ എന്നിവർ പറഞ്ഞു.ആഴ്ചകൾക്ക് മുമ്പ് കൂട്ടുപാത , കറുകപുത്തൂർ, ആറങ്ങോട്ടുകര തുടങ്ങിയ സ്ഥലങ്ങളിൽ മാലിന്യം തള്ളിയവരെ തന്ത്രപരമായി കയ്യോടെ പിടി കൂടി പിഴ അടപ്പിച്ചതായും നാട്ടുകാരുടെ പൂർണ്ണ സഹകരണം ലഭിക്കുന്നതായും ഹെൽത്ത് ഇൻസ്പെക്ടർ സുജിത്ത്‌ലാൽ പറഞ്ഞു


