കെ സ്മാർട്ട് പഞ്ചായത്തുകളിലേക്ക്; ഇനി ബിൽഡിങ് പെർമിറ്റുകൾ സെക്കൻറുകൾക്കുള്ളിൽ ലഭ്യമാവും


 ഏപ്രിൽ 10 മുതൽ കേരളത്തിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും ഏകീകൃത സോഫ്റ്റ് വെയർ ആയ കെ- സ്മ‌ാർട്ടിന് കീഴിൽ പ്രവർത്തിക്കുമെന്നും കെ സ്‌മാർട്ട് വൻ വിജയമായെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇതിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും. അപേക്ഷിക്കാൻ തദ്ദേശസ്ഥാപനങ്ങളിൽ പോകേണ്ടെന്നു മാത്രമല്ല, സർട്ടിഫിക്കറ്റിനും ഇനി മുതൽ പോകേണ്ടി വരില്ല. എല്ലാം വാട്‌സാപ്പിൽ ലഭിക്കുമെന്നും മന്ത്രി രാജേഷ് പറഞ്ഞു. ലോകത്തെവിടെയിരുന്നും ഓൺലൈനിലൂടെ വെരിഫൈ ചെയ്ത് വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയും. ചട്ടപ്രകാരം അപേക്ഷിച്ചാൽ 9 മിനുട്ടിനുള്ളിൽ ബിൽഡിങ് പെർമിറ്റ് ലഭ്യമാവും. കെ സ്‌മാർട്ടിനെതിരെ മുൻപ് വലിയ പ്രചരണങ്ങൾ ഉണ്ടായിട്ടുണ്ട്. കെ സ്മാർട്ടിന്റെ ഭാഗമായി നിങ്ങളുടെ ഭൂമിയിൽ എന്തെല്ലാം അനുവദനീയമാണ് അനുവദനീയമല്ല എന്ന് അറിയാനായി know your land എന്ന ഫീച്ചർ ഉൾപ്പെടുത്തിയിട്ടുണ്ട്. വിഭവസമാഹരണത്തിൻ്റെ കാര്യത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ കെ സ്‌മാർട്ടിലൂടെ കഴിഞ്ഞു. നികുതി പിരിക്കൽ ഫല പ്രദമായി നടത്താൻ സാധിക്കുന്നുണ്ട്. നികുതി പിരിവിൽ 100 ശതമാനത്തോളം വർധനവുണ്ടായി. ഡാറ്റാ ശുദ്ധീകരണ പ്രക്രിയ നടത്തി. അതിൻ്റെ ഭാഗമായി നികുതി അടയ്ക്കാത്ത 1,43,101 കെട്ടിടങ്ങൾ കണ്ടെത്തി. തദ്ദേശസ്ഥാപനങ്ങളുടെ തനതു വരുമാനത്തിൽ 1,287 കോടിയുടെ വർധനവുണ്ടായി. മാലിന്യ മുക്ത ക്യാമ്പയിൻ നിർണായക ഘട്ടം പിന്നിടുകയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ശുചിത്വ മികവിലേയ്ക്ക് എത്തി. ഹരിത കർമ സേനയുടെ അജൈവ മാലിന്യ ശേഖരണം ഫലപ്രദമായി നടക്കുന്നു. ബ്രഹ്മപുരം തീപിടിത്ത സമയത്ത് വാതിൽപ്പടി ശേഖരണം 47 ശതമാനമായിരുന്നു. ഇപ്പോൾ 99 ശതമാനമായി. ഈ ശേഖരണം നടന്നില്ലായിരുന്നെങ്കിൽ ഇതെല്ലാം പൊതുസ്ഥലത്ത് എത്തുമായിരുന്നു. കേരളത്തിൽ മാലിന്യ നീക്കം റെക്കോർഡിൽ എത്തി. 66,000 ടൺ മാലിന്യം നീക്കി. ഇതിന്റെ 29.9 ശതമാനം റീസൈക്കിൾ ചെയ്‌തു. നിലവിൽ ഹരിത കർമ സേനയിൽ 37,134 അംഗങ്ങളുണ്ട്. 348.9 കോടി രൂപ ഹരിത കർമ സേനയ്ക്ക് കൊടുത്തു. സേനയെ ശാക്തീകരിക്കാനുള്ള പ്രവർത്തനം തുടരുന്നു. മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെടുത്തുന്നവർക്കുള്ള പ്രതിഫലം വർധിപ്പിക്കും. മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട്, ഏപ്രിൽ 9 മുതൽ 13 വരെ തിരുവനന്തപുരത്ത് ദേശീയ കോൺക്ലേവ് നടക്കും. മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യും. മാലിന്യ സംസ്‌കരണ കേന്ദ്രവുമായി ബന്ധപ്പെട്ട് എതിർപ്പുയർത്തുന്നവരെയും കോൺക്ലേവിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. അവർക്ക് പറയാനുള്ളത് കേൾക്കും. ബ്രഹ്മപുരത്തിന് പുറമെ 5 സ്ഥലങ്ങളിൽ കൂടി സി ബി ജി പ്ലാൻ്റ് സ്ഥാപിക്കും. എം ജി ശ്രീകുമാർ വിളിച്ചിരുന്നു. മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ തയ്യാറാണെന്നും തൻ്റെ ഭാഗത്തു നിന്നുണ്ടായത് തെറ്റാണെന്നും ബ്രാൻഡ് അംബാസഡറാവാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ കോൺക്ലേവിലേയ്ക്ക് ക്ഷണിക്കുന്നുണ്ടെന്നും മന്ത്രി രാജേഷ് പറഞ്ഞു.

Post a Comment

Previous Post Next Post